കല്യാണ്‍ ജ്വല്ലേഴ്സ് ഐപിഒയിലൂടെ 1,750 കോടി രൂപ ഓഹരിനിക്ഷേപമായി സമാഹരിക്കുന്നു. പത്തുരൂപ മുഖവിലയുള്ള ഓഹരികളാണ് പുറത്തിറക്കുന്നത്. മിനിമം എത്ര ഓഹരി ഒന്നിച്ചുവാങ്ങണമെന്ന തീരുമാനം പിന്നീടുണ്ടാകും.
ഓഹരി വിറ്റഴിച്ചു സമാഹരിക്കുന്ന 1,750 കോടി രൂപയില്‍ ആയിരം കോടി രൂപ ജ്വല്ലറിയുടെ വികസനത്തിനായി വിനിയോഗിക്കും. ആയിരം കോടിയുടേതു പുതിയ ഓഹരികളാണ്. കല്യാണ്‍ ജ്വല്ലേഴ്സില്‍ നേരത്തെ 1,700 കോടി രൂപയുടെ നിക്ഷേപം നടത്തിയ ഹൈഡല്‍ ഇന്വെസ്റ്റ്മെന്റിനു 500 കോടി രൂപയുടെ ഓഹരി നല്‍കും. കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിലുള്ള പ്രമോട്ടര്‍ ഗ്രൂപ്പിന് 250 കോടി രൂപയുടെ ഓഹരികളാണു നീക്കിവയ്ക്കന്നത്. ജീവനക്കാര്‍ക്ക് രണ്ടുകോടി രൂപയുടെ ഓഹരി നല്‍കും.
പബ്ലിക് ഇഷ്യു അനൗണ്‍സ്മെന്റ് ദീപിക ദിനപ്പത്രത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ചു.1993 ല്‍ ആരംഭിച്ച കല്യാണ്‍ ജ്വല്ലേഴ്സിന് 122 ഷോറൂമുകളുണ്ട്. മൈ കല്യാണ്‍ എന്ന പേരില്‍ 750 ഉപകേന്ദ്രങ്ങളുമുണ്ട്. പതിനായിരം കോടി രൂപയാണു കഴിഞ്ഞവര്‍ഷത്തെ വിറ്റുവരവ്.