ബിഗ് ബസാറിനെ റിലയൻസ് ഏറ്റെടുത്തു

കിഷോര്‍ ബിയാനി 15 വര്‍ഷത്തേക്ക് റീട്ടെയ്ല്‍ ബിസിനസ് ചെയ്യാന്‍ പാടില്ല

കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾസെയിൽ, ലോജിസ്റ്റിക്‌സ്, വെയർഹൗസിംഗ് ബിസിനസുകൾ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തു. 24,713 കോടി രൂപയുടേതാണ് ഇടപാട്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടബാധ്യതകൾ റിലയൻസ് അടച്ചുതീർക്കും. ശേഷിക്കുന്ന തുക ഫ്യൂച്ചർ ഗ്രൂപ്പിന് കൈമാറും. ഇനി ഫ്യൂച്ചർ ഗ്രൂപ്പിന്റെ സാന്നിധ്യം ധനകാര്യ, ഇൻഷുറൻസ് ബിസിനസുകളിൽ ഒതുങ്ങും. സാമ്പത്തിക പ്രതിസന്ധിയാണ് പ്രമുഖ റീട്ടെയ്ൽ ബ്രാൻഡുകൾ വിൽക്കാൻ കിഷോർ ബിയാനിയെ നിർബന്ധിതമാക്കിയത്. ബിഗ് ബസാര്‍ ഉടമകളായ കിഷോര്‍ ബിയാനിക്കും കുടുംബാംഗങ്ങള്‍ക്കും വരുന്ന 15 വര്‍ഷത്തേക്ക് റീട്ടെയില്‍ ബിസിനസ് ചെയ്യാനാകില്ല. മുകേഷ് അംബാനി ബിഗ് ബസാര്‍ ഏറ്റെടുക്കുന്നതോടെ പ്രധാനമായും വെച്ച ഉടമ്പടിക്കരാറിലാണ് ഇക്കാര്യം പറയുന്നത്.

സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ, ഫാഷൻ സ്റ്റോറായ എഫ് ബി ബി, ഫുഡ് ഹാൾ, ഈസി ഡേ സൂപ്പർമാർക്കറ്റ്, നീൽഗിരീസ് തുടങ്ങിയ ഫ്യൂച്ചർ ബ്രാൻഡുകൾ ഇതോടെ റിലയൻസിന് സ്വന്തമാകും. ഫ്യൂച്ചർ റീട്ടെയ്ൽ ശൃംഖലയിൽ 1500 ലേറെ സ്റ്റോറുകളുണ്ട്. ഫ്യൂച്ചർ ബ്രാൻഡുകളെ ഏറ്റെടുക്കുന്നതോടെ രാജ്യത്തെ റീട്ടെയ്ൽ – ഹോൾസെയിൽ വ്യാപാരമേഖലയിൽ റിലയൻസ് വ്യക്തമായ മേൽക്കൈ നേടും.