ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് ഗ്രൂപ്പ്‌ ഓര്‍ക്ല ഫുഡ്‌സിന്

ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് ഗ്രൂപ്പ്‌ നോര്‍വേ ആസ്ഥാനമായ ഓര്‍ക്‌ല ഫുഡ്‌സ് സ്വന്തമാക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കമേറിയ കറി പൗഡര്‍ ബ്രാന്‍ഡ് ആണ് ഈസ്റ്റേണ്‍. കോതമംഗലം സ്വദേശിയായിരുന്ന എം ഇ മീരാന്‍ ആണ് 1983 ല്‍ ഈസ്‌റ്റേണ്‍ കറിപൗഡറിന് തുടക്കമിടുന്നത്. അടിമാലി കേന്ദ്രീകരിച്ചായിരുന്നു ഇത്. ഈസ്റ്റേണിന് രണ്ടായിരം കോടി രൂപ മൂല്യം കല്‍പിച്ചാണ് ഇപ്പോഴത്തെ ഇടപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ ഭക്ഷ്യോത്പാദക കമ്പനിയാണ് ഈസ്റ്റേണ്‍. കേരളം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഇനി സ്വന്തമാക്കാന്‍ പോകുന്നത് നോര്‍വേ ആസ്ഥാനമായ ഓര്‍ക്‌ല ഫുഡ്‌സ് ആണ്. ഈസ്റ്റേണിന് മേല്‍ ഇനി കേരളത്തിന് വലിയ സ്വാധീനമൊന്നും ഉണ്ടാവില്ല.

ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ഉടമകളായ നവാസ് മീരാന്‍, ഫിറോസ് മീരാന്‍ എന്നിവരില്‍ നിന്നായി ഓര്‍ക്‌ല ഫുഡ്‌സ് വാങ്ങുന്നത് 41.8 ശതമാനം ഓഹരികളാണ്. ഈസ്‌റ്റേണിലെ നിക്ഷേപകരായ മക്കോര്‍മിക്കില്‍ നിന്ന് 26 ശതമാനം ഓഹരികളും വാങ്ങുന്നുണ്ട്. അങ്ങനെ മൊത്തത്തില്‍ 67.8 ശതമാനം ഓഹരികളാണ് നോര്‍വ്വേ കമ്പനി ഇപ്പോള്‍ വാങ്ങുന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷോത്പാദന കമ്പനിയായ എംടിആര്‍ ഫുഡ്സ് വഴിയാണ് ഓര്‍ക്ല ഫുഡ്സ് ഈ ഇടപാടുകള്‍ നടത്തുക. എംടിആര്‍ ഫുഡ്സ് 2007 ല്‍ തന്നെ ഓര്‍ക്ല ഫുഡ്സ് പൂര്‍ണമായും ഏറ്റെടുത്തിരുന്നു. ഇടപാടിന് ശേഷം ഈസ്റ്റേണ്‍ പൂര്‍ണമായും എംടിആര്‍ ഫുഡ്സില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടപാട് പൂര്‍ത്തിയാകുന്നതോടെ എംടിആര്‍ ഫുഡ്സില്‍ ഓര്‍ക്ല ഫുഡ്സിന് 90.1 ശതമാനം ഓഹരികള്‍ ഉണ്ടായിരി്ക്കും. ലയന ശേഷമുള്ള കമ്പനിയില്‍ മീരാന്‍ കുടുംബത്തിന് ഉണ്ടാവുക 9.99 ശതമാനം ഓഹരികള്‍ മാത്രമായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.