പോപ്പുലർ നിക്ഷേപതട്ടിപ്പ്: 2000 കോടിയുടെ തട്ടിപ്പ് തെളിഞ്ഞു

നിക്ഷേപകരെ വഞ്ചിച്ച് പോപ്പുലർ ഫിനാൻസിന്റെ പേരിൽ ഡയറക്ടർമാർ ആസൂത്രിത തട്ടിപ്പാണ് നടത്തിയതെന്ന് അന്വേഷണത്തിൽ തെളിയുന്നു. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് 2000 കോടിയുടെ തട്ടിപ്പ് നടത്തിയതിനുള്ള തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ആസൂത്രിതമായ വൻ തട്ടിപ്പാണ് സംഘം നടത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ ഇന്നലെ രാവിലെ കോന്നി പൊലീസ് സ്റ്റേഷനിലും, തോമസ് ഡാനിയലിന്റെ വാകയാറിലെ വീട്ടിലുമെത്തിയിരുന്നു.

2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ചോദ്യം ചെയ്യലും വിവരശേഖരണവും കഴിഞ്ഞാലേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. കോന്നി മേഖലയിൽ മാത്രം 600 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 5 വർഷം മുമ്പ് സ്ഥാപനം നഷ്ടത്തിലായിട്ടും വ്യാപകമായി ശാഖകൾ തുറന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു റിസർവ് ബാങ്കിന്റെ വിലക്ക് ലംഘിച്ചാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ നിയമ വ്യവസ്ഥകൾ പാലിക്കാനും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാനുമാണ് പുതിയ സ്ഥാപനങ്ങൾ തുറന്നതെന്നാണ് ഉടമകൾ നിക്ഷേപകരോട് പറഞ്ഞിരുന്നത്. ഇത്തരത്തിൽ 21 കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നിയമപ്രകാരം 200 പേരിൽ കൂടുതലുള്ളവരുടെ നിക്ഷേപം സ്വീകരിക്കാൻ പോപ്പുലറിന് കഴിയില്ല. ഈ പരിധി കഴിയുമ്പോഴാണ് പുതിയ കമ്പനി രൂപപ്പെട്ടിരുന്നത്. അടുത്ത ദിവസങ്ങളിലും ചോദ്യം ചെയ്യലും കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പും നടക്കും.നിക്ഷേപ തട്ടിപ്പിന് പിന്നിൽ ബുദ്ധിപരമായ നീക്കമുണ്ടെന്നാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എസ്.പി കെ.ജി സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

പ്രതികളുടെ ഓസ്ട്രേലിയൻ ബന്ധവും അന്വേഷണ വിധേയമാക്കും

പ്രതികളെ കസ്റ്റഡിയിൽ വച്ച് ഓരോ ദിവസവും കൊണ്ടുപോയി തെളിവെടുക്കേണ്ട സ്ഥലങ്ങളെ പറ്റി കൃത്യമായ ചാർട്ട് തയ്യാറാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ഇതിന്റെ നടപടിയുമായി മുമ്പോട്ട് പോകും. പ്രതികളുടെ ഓസ്ട്രേലിയൻ ബന്ധവും അന്വേഷണ വിധേയമാക്കും. പൊലീസ് 10 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പഴയ കമ്പ്യൂട്ടറുകളുടെ കച്ചവടവുമായി ബന്ധപ്പെട്ട് 6 കോടി രൂപ ഓസ്ട്രേലിയലേക്ക് അയച്ചിട്ടുണ്ട്. തമിഴ്നാട്, ഡൽഹി, ആന്ധ്രാപ്രദേശ്, കർണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തും. പ്രതികളുടെ തമിഴ്നാട്ടിലെയും, ആന്ധ്രാപ്രദേശിലെയും വസ്തുക്കളെ പറ്റിയും അന്വേഷണം നടത്തണം. ഇനിയും ലഭിക്കാനുള്ള രേഖകൾ കണ്ടെത്തും. കമ്പനിയുടെ പാർട്ണർഷിപ്പ് മാറ്റിയതും, സ്റ്റാഫിന് തട്ടിപ്പിൽ പങ്കുണ്ടോ എന്നതും അന്വേഷണ വിധേയമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പോപ്പുലർ ഫിനാൻസ് ഉടമകളെ പൊലീസ് വകയാറിലെ കുടുബ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. എം.ഡി. തോമസ് ഡാനിയേൽ, ഭാര്യ പ്രഭാ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെയാണ് വകയാറിലെ ഇണ്ടക്കാട്ട് വീട്ടിൽ തെളിവെടുപ്പിനായി അന്വേഷണ ഉദ്യാഗസ്ഥർ എത്തിച്ചത്. ഇവരെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് രാവിലെ മുതൽ സമീപത്ത് നിക്ഷേപകർ നിലയുറപ്പിച്ചിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പ്രതികളെ ഇവിടെയെത്തിച്ചപ്പോൾ നിക്ഷേപകർ ബഹളമുണ്ടാക്കിയെങ്കിലും പൊലീസ് അനുനയിപ്പിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവിയോടും നിക്ഷേപകർ ആവലാതികൾ നിരത്തി. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രട്ട് കോടതി തിങ്കളാഴ്ചയാണ് പരിഗണിച്ചത്. വരും ദിവസങ്ങളിലും ചോദ്യം ചെയ്യലും തെളിവെടുപ്പുമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.