മാനുപ്പ കിടപ്പാടം വിറ്റ് ഹൗസ് ബോട്ട് വാങ്ങി; ഇന്ന് ദുരിതക്കയത്തിലും

കോവിഡുമായി ബന്ധപ്പെട്ട് ആറുമാസമായി വരുമാനമൊട്ടുമില്ലാത്ത മേഖലകളില്‍ പ്രധാനപ്പെട്ടവ ഓഡിറ്റോറിയം, ടൂറിസ്റ്റ് ബസ് സര്‍വീസ്, ട്രാവല്‍, ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം നൂറുശതമാനം വരുമാനം നഷ്ടപ്പെട്ട മേഖലയാണ് ഹൗസ് ബോട്ടുകളും.

ആലപ്പുഴയിലെ മുഹമ്മദ് എന്ന മാനുപ്പ കിടപ്പാടം വിറ്റ് ഒരു ഹൗസ് ബോട്ട് വാങ്ങി. 65 ലക്ഷം രൂപയ്ക്ക്. കോവിഡിന് മുമ്പ് മാസവും ചെലവെല്ലാം കഴിഞ്ഞ് അന്‍പതിനായിരം രൂപയില്‍ അധികം വരുമാനമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് തുടങ്ങിയ മാര്‍ച്ച് മുതല്‍ തന്റെ കഷ്ടകാലം തുടങ്ങിയെന്നാണ് മുഹമ്മദ് പറയുന്നത്. ഇത് മുഹമ്മദിന്റെ മാത്രം കഥയല്ല, നിരവധി പേരാണ് സ്വത്ത് വിറ്റ് വാടക വീട്ടില്‍ കഴിഞ്ഞു കൊണ്ട് ഹൗസ് ബോട്ട് വാങ്ങി ഉപജീവനമാക്കിയത്. എന്നാല്‍ ഇന്നെല്ലാം തകര്‍ന്നു.
കായലോരത്ത് ഹൗസ് ബോട്ടുകള്‍ ആരോരും തിരിഞ്ഞു നോക്കാതെ ഓളങ്ങളില്‍ ഉലഞ്ഞ് ദുരിതക്കയത്തിലാണ്. ഇനിയും മാസങ്ങള്‍ നീണ്ടുപോയാല്‍ ഉടമകള്‍ക്ക് 10 ലക്ഷം രൂപയില്‍ അധികം നഷ്ടമുണ്ടാകും.
കോവിഡുമായി ബന്ധപ്പെട്ട് ആറുമാസമായി വരുമാനമൊട്ടുമില്ലാത്ത മേഖലകളില്‍ പ്രധാനപ്പെട്ടവ ഓഡിറ്റോറിയം, ടൂറിസ്റ്റ് ബസ് സര്‍വീസ്, ട്രാവല്‍, ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം നൂറുശതമാനം വരുമാനം നഷ്ടപ്പെട്ട മേഖലയാണ് ഹൗസ് ബോട്ടുകളും. ലോണ്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ഉടമകള്‍ നെട്ടോട്ടത്തിലാണ്. മൊറട്ടോറിയം ആശ്രയിച്ചിരുന്നുവെങ്കിലും അതിന്റെ പലിശ കൂടി അടയ്‌ക്കേണ്ടിവരുമ്പോള്‍ വന്‍ നഷ്ടമാണുണ്ടാവുക.
ഹോട്ടലുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ടൂറിസം രംഗത്തെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹൗസ്ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും ശിക്കാര വള്ളങ്ങളും ടൂറിസ്റ്റുകളില്ലാതെ ഇപ്പോഴും നിശ്ചലമാണ്. 1500 ഓളം ഹൗസ്ബോട്ടുകളാണ് ആലപ്പുഴ, കുമരകം, കൊല്ലം ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ ഇവയില്‍ പതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. കൂടാതെ ബോട്ടുകളിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നവര്‍, ലോണ്ടറി സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ആയുര്‍വേദിക്& മസാജ് സെന്ററുകള്‍, ഹോസ്ബോട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്നവര്‍ തുടങ്ങി അനുബന്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ വേറെയും.
കോവിഡ് മൂലം മേഖല നിശ്ചലമായപ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചെറുകിട സംരംഭകരെയും ഓട്ടോ-ടാക്സി, ഗൈഡ് സെന്ററുകള്‍, ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ തുടങ്ങി മറ്റ് ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത് സാരമായി ബാധിച്ചു. ഇത് എത്രമാത്രം തൊഴിലില്ലായ്മ നിരക്ക് വര്‍ധിപ്പിച്ചുവെന്നും ഈ മേഖലയിലെ നഷ്ടങ്ങള്‍ വെളിവാക്കുന്നു. ഹൗസ്ബോട്ടുകള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കാനും ക്വാറന്റീന്‍ സെന്ററുകളാക്കാനും ആലോചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ എല്ലാം പേപ്പറില്‍ ഒതുങ്ങുക മാത്രമാണ് ചെയ്തത്. ഹൗസ്ബോട്ടുകളില്‍ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരില്‍ പലരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരികെ എത്തിയവരും ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞ് തൊഴില്‍ തേടിയിരുന്നവരുമെല്ലാമുള്‍പ്പെടും. ഇത്തരത്തില്‍ പതിനായിരക്കണക്കിനു വരുന്ന തൊഴില്‍ സമൂഹത്തെ മാത്രമല്ല, സംരംഭക വായ്പയെടുത്തും സ്വകാര്യ വായ്പാ സ്ഥാപനങ്ങളില്‍ നിന്നു കടമെടുത്തും സ്വര്‍ണം വിറ്റും വീട് പണയപ്പെടുത്തിയും മറ്റും ഹൗസ്ബോട്ട് ബിസിനസില്‍ ഉള്‍പ്പെടുന്ന നിരവധി സംരംഭകരെയാണ് ഈ പ്രതിസന്ധി ശ്വാസം മുട്ടിക്കുന്നത്.
മറ്റ് ടൂറിസം മേഖലകള്‍ പോലെ കായല്‍ ടൂറിസം മേഖല കൂടി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള വിശദമായ പഠനവും അനുമതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഹൗസ്ബോട്ട് വര്‍ക്കേഴ്സ് അസോസിയേഷന്‍ പറയുന്നു. ഹോട്ടലിലേക്ക് പലചരക്കു സാമഗ്രികളും പച്ചക്കറിയും മറ്റുമെത്തിക്കുന്നത്പോലെയാണ് ഹൗസ്ബോട്ടുകളിലേക്കുമെത്തുക.
ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് ഇവയും പ്രവര്‍ത്തിക്കുക. എന്നാല്‍ യാത്രാ മധ്യേ മറ്റു പ്രദേശങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കുകയും സാമൂഹിക സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യങ്ങളും മറ്റുമൊഴിവാക്കുകയാണെങ്കില്‍ സുരക്ഷിതമായി ഹൗസ്ബോട്ടുകള്‍ക്കും പ്രവര്‍ത്തിക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.