വിനോദ് കോവൂരും മീന്‍കച്ചവടം തുടങ്ങി

സിനിമാതാരങ്ങള്‍ക്ക് മീന്‍കച്ചവടം പുത്തരിയല്ല. ധര്‍മ്മജനും പിഷാരടിയുമൊക്കെ മീന്‍ കച്ചവടം നടത്തുന്നവരാണ്.

ഇപ്പോഴിതാ എം80 മൂസ എന്ന ടെലിവിഷനിലെ മീന്‍കാരന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടി പിന്നീട് സിനിമയിലേക്കും എത്തിയ വിനോദ് കോവൂരും മീന്‍ കച്ചവടം ആരംഭിക്കുന്നു.
‘സീ ഫ്രഷ്’ എന്ന പേരില്‍ മീന്‍ വില്‍ക്കുന്ന കട തുറന്നിരിക്കുകയാണ് താരം. കോവിഡ് കാലത്ത് സിനിമാ തിരക്കുകള്‍ നിലച്ചതോടെയാണ് മറ്റൊരു ബിസിനസിലേക്ക് കൂടി താരം തിരിഞ്ഞത്. പലരും തന്നെ മീന്‍ കച്ചവടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കുകയാണ് വിനോദ്.
മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു പറിക്കുകയും ചെയ്യാത്ത എന്തു ജോലിയും മാന്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും വിനോദ് പറഞ്ഞു. എന്നോട് ചിലര്‍ ചോദിക്കുകയുണ്ടായി, ‘എന്തിനാ വിനോദേ മീന്‍കച്ചവടം തുടങ്ങിയത്’ എന്ന്. നമ്മള്‍ എല്ലാവരും മീന്‍ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെയാണ് മീന്‍ വില്‍ക്കുന്നത് മോശമാകുന്നത്. അതെ ഞാന്‍ അന്തസ്സോടെ പറയും, മീന്‍ വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന്,’ അദ്ദേഹം വ്യക്തമാക്കി.