മോഡിയുടെ ഭരണത്തില്‍ വായ്പയെടുത്ത് ഇന്ത്യ വിട്ടത് 38 വന്‍കിടക്കാര്‍

ന്യൂഡല്‍ഹി: കോടികള്‍ വായ്പ എടുക്കുക. ഇന്ത്യ വിടുക.വിദേശ രാജ്യങ്ങളില്‍ സുരക്ഷിതമായി കഴിയുക. ഇതാണ് വന്‍കിട ബിസിനസുകാരുടെ പരിപാടി. പാവങ്ങള്‍ ഒരു ലക്ഷത്തിന് താഴെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുമ്പോഴാണ് ആയിരം കോടി രൂപയിലധികം വായ്പയെടുത്ത് വ്യവസായികള്‍ മുങ്ങുന്നത്.
ഇങ്ങനെ 38 കോടീശ്വരന്മാരാണ് മോഡിയുടെ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു മുങ്ങിയത്. വായ്പ എടുത്ത് മുങ്ങിയവരും സാമ്പത്തിക കുറ്റവാളികളും ഉള്‍പ്പെടെ 38 ബിസിനസുകാര്‍ 2015 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ രാജ്യം വിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പട്ടികയില്‍ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വായ്പയെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് മുങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ബിസിനസുകാരുടെ വിവരങ്ങള്‍ കേന്ദ്രത്തിന്റെ പക്കല്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയം പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചത്.
38 കേസുകള്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. ബാങ്കുകളുമായുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരാണ് ഇക്കാലയളവില്‍ രാജ്യം വിട്ടിട്ടുള്ളത്. ഇത്തരം കേസുകളില്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ധനമന്ത്രി അനുരാഗ് താക്കൂര്‍ രേഖാമൂലം മറുപടി നല്‍കി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം 2002 ല്‍ 20 പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിനായി അപേക്ഷ സമര്‍പ്പിച്ചതായും 14 കേസുകളില്‍ വിവിധ രാജ്യങ്ങളിലേക്ക് ഇവരെ കൈമാറാനുള്ള അപേക്ഷകള്‍ അയച്ചതായും ഫ്യൂജിറ്റീവ് ഇക്കണോമിക് കുറ്റവാളികളുടെ നിയമപ്രകാരം 2018 ല്‍ 11 പേരെ വിട്ടു കിട്ടാനുള്ള അപേക്ഷ നല്‍കിയതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 2019 ജനുവരി വരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും വായ്പ തിരിച്ചടവിനും കേസെടുത്ത 27 ബിസിനസുകാര്‍ രാജ്യം വിട്ടിരുന്നു. നിയമ നിര്‍വഹണ ഏജന്‍സികളുടെ നടപടിക്കുപുറമെ, ബിസിനസുകാര്‍ വഞ്ചനാപരമായി വായ്പ നേടുന്നതും രാജ്യം വിട്ടുപോകുന്നതും തടയുന്നതിനായി നിരവധി നയപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.