പേടിഎമ്മിനെ പ്ലേ സ്‌റ്റോറിൽ നിന്നും ഗൂഗിൾ നീക്കി

ന്യൂഡൽഹി: പ്രമുഖ ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷൻ പേടിഎമ്മിനെ പ്ലേ സ്‌റ്റോറിൽ നിന്നും നീക്കി ഗൂഗിൾ. പേടിഎം അടുത്തിടെ ഉൾപ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂർണമെന്റ് ഫീച്ചർ ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പോളിസിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്ലിക്കേഷൻ നീക്കം ചെയ്തത്. ആപ്പിൾ ആപ്പ് സ്റ്റോറിൽ പേടിഎമ്മിന്റെ ആപ്ലിക്കേഷൻ ലഭ്യമാണ്. ഓൺലൈൻ കാസിനോ ആപ്ലിക്കേഷനുകൾക്കും മറ്റ് വാതുവെയ്പ്പ് ആപ്പുകൾക്കും ഗൂഗിൾ പ്ലേ സ്റ്റോറിൽ വിലക്കുണ്ട്. പേടിഎം ആപ്പിനുള്ളിലെ ഫാന്റസി സ്‌പോർട്ട്‌സ് എന്ന സേവനമാണ്. പ്ലേ സ്റ്റോറിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നത്. പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരിൽ പ്രത്യേക ആപ്ലിക്കേഷനും പ്ലേ സ്റ്റോറിലുണ്ടായിരുന്നു. ഇത് പ്ലേ സ്റ്റോറിൽ നിന്നും നീക്കിയിട്ടുണ്ട്.

അതേസമയം, നിലവിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പേടിഎം ആപ്പ് വഴി സാധാരണപോലെ പണമിടപാടുകൾ സാധ്യമാണ്. പ്ലേസ്റ്റോറിൽ നിന്നും പുതുതായി ഡൗൺലോഡ് ചെയ്യുന്നതിന് മാത്രമാണ് ഇപ്പോൾ പ്രശ്‌നമുള്ളത്. ആപ്ലിക്കേഷൻ എത്രയും വേഗം പ്ലേ സ്റ്റോറിൽ തിരികെ എത്തിക്കുമെന്നും ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടില്ലെന്നും പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.