ചെലവ് കുറഞ്ഞ കോവിഡ് പ്രതിരോധ കണ്ടുപിടിത്തങ്ങള്‍ക്ക് കൊല്ലം ടി.കെ.എം കോളജിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊല്ലത്തെ ടികെഎം എന്‍ജിനിയറിങ് കോളേജിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. കോവിഡ് വ്യാപനം തടയാന്‍ നിരവധി സാങ്കേതിക സംഭാവനകളാണ് ടികെഎം എന്‍ജിനിയറിങ് കോളേജ് നല്‍കിയത്. ഈ സംഭാവനകള്‍ക്ക് അംഗീകാരവും തേടിയെത്തി. ‘ഇന്ത്യ കൊറോണയെ ചെറുക്കുന്നു’ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ എന്‍ജിനിയറിങ് കോളേജ്, പോളിടെക്നിക്, ഫാര്‍മസി കോളേജുകളില്‍ നടത്തിയ ഉത്കൃഷ്ട് സന്‍സ്ഥാന്‍ വിശ്വകര്‍മ പുരസ്‌കാരത്തിലാണ് ദേശീയതലത്തില്‍ ടികെഎമ്മിന് മൂന്നാംസ്ഥാനം ലഭിച്ചത്.
സാധാരണ വെന്റിലേറ്ററിനു പകരം കുറഞ്ഞ വിലയുള്ള ‘ജീവശ്വാസം’ വെന്റിലേറ്റര്‍, സ്രവം ശേഖരിക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശരീരത്തില്‍ വീഴാതിരിക്കാനുള്ള കിയോസ്‌ക്, മേശപ്പുറത്തും ഭിത്തിയിലും ഘടിപ്പിക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ സ്പ്രേയര്‍, ഓഫീസ് ഫയലുകള്‍, കറന്‍സി എന്നിവ അണുവിമുക്തമാക്കുന്നതിന് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിക്കുന്ന അണുവിമുക്ത ചേംബര്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നവരെ നിയന്ത്രിക്കാനും സാധനസാമഗ്രികള്‍ വിതരണം ചെയ്യാനുമുള്ള ആപ്, കണ്ടെയ്ന്‍മെന്റ് സോണുകളുടെ മാപ്പ് നിര്‍മാണം തുടങ്ങിയ സംഭാവനകളാണ് കോളേജ് നല്‍കിയത്.
രോഗപ്രതിരോധത്തിന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രത്തിന് നല്‍കിയ സംഭാവനകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കപ്പെട്ടത്. മത്സരത്തില്‍ പങ്കെടുത്ത 900 കോളേജുകളില്‍നിന്ന് പ്രാഥമികഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 103 സ്ഥാപനങ്ങളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. അവസാന റൗണ്ടില്‍ ദേശീയ ജൂറിയുടെ മുന്നില്‍ കോളേജ് നടത്തിയ ഓണ്‍ലൈന്‍ പ്രസന്റേഷന് ശേഷമാണ് ദേശീയതലത്തില്‍ മൂന്നാമതായി കോളേജിനെ തെരഞ്ഞെടുത്തത്. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന്റെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഷഹാല്‍ ഹസന്‍ മുസലിയാര്‍ ട്രസ്റ്റിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയും നല്‍കിയിരുന്നു.