തിയേറ്റര്‍ പൂട്ടിയിട്ട് 200 ദിവസം; ഉടമകള്‍ പാപ്പരാകുന്നു

മലയാളികളുടെ തിയേറ്റര്‍ ആരവങ്ങള്‍ക്ക് തിരശീല വീണിട്ട് ഇന്നേക്ക് 200 ദിവസം. ഓണം, വിഷു, ഈസ്റ്റര്‍, റംസാന്‍, ദീപാവലി തുടങ്ങി കോടികള്‍ വാരേണ്ട സീസണുകളെയെല്ലാം കൊവിഡ് എട്ടുനിലയില്‍ പൊട്ടിച്ചതോടെ പെട്ടിയിലായത് തിയേറ്റര്‍ ഉടമകളുടെ ബിഗ് ബഡ്ജറ്റ് പ്രതീക്ഷയും സ്വപ്‌നങ്ങളുമാണ്. രാജ്യത്ത് സിനിമാ ചിത്രീകരണം കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്നുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലടക്കം റിലീസിംഗ് അനിശ്ചിതത്വം തുടരുകയാണ്.
മാര്‍ച്ച് 10നാണ് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചത്. പ്രദര്‍ശനം നടത്തുന്നില്ലെങ്കിലും വൈദ്യുതി ചാര്‍ജ്, മെയിന്റനന്‍സ്, തൊഴിലാളികളുടെ കൂലി എന്നിങ്ങനെ ഒന്നരലക്ഷം രൂപയോളം പ്രതിമാസം ചെലവുണ്ട്. സ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തിക ബാദ്ധ്യതയാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഉടമകള്‍ പറയുന്നു.
മൂന്നുദിവസം കൂടുമ്പോള്‍ വൃത്തിയാക്കണം. രണ്ടുദിവസത്തിലൊരിക്കല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കണം. അല്ലെങ്കില്‍ തിയ്യേറ്റര്‍ തുറക്കാന്‍ അനുമതി ലഭിക്കുമ്പോള്‍ യന്ത്രങ്ങള്‍ കേടാവും. അത് വലിയ സാമ്പത്തിക ബാദ്ധ്യയുണ്ടാക്കും.
രാജ്യം അഞ്ചാം അണ്‍ലോക്കിലേക്ക് കടന്നപ്പോള്‍ പാര്‍ക്കുകള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും തുറക്കാന്‍ അനുമതി നല്‍കിയപ്പോഴും തിയേറ്ററുകളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മൊറട്ടോറിയം നീട്ടിനല്‍കണമമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’, വിജയുടെ ‘മാസ്റ്റര്‍’, മമ്മൂട്ടിയുടെ ‘വണ്‍’ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് തിയേറ്റര്‍ ഓപ്പണിംഗിനായി കാത്തിരിക്കുന്നത്.കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചില ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസിംഗ് നടത്തിയെങ്കിലും കാര്യമായ നേട്ടം കൈവരിക്കാനായില്ല.
ജ്യോതികയുടെ ‘പൊന്മകള്‍ വന്താള്‍’, ബോളിവുഡ് ചിത്രം ‘ഗുലാബോ സിതാബോ’, ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ ‘പെന്‍ഗ്വിന്‍’ എന്നിവയാണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരിലെത്തിയത്.
ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ റിലീസിന് ഓണക്കാലം സാക്ഷിയായി.ടൊവിനോ ചിത്രം ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ ആണ് ഓണത്തിന് ടെലിവിഷനിലൂടെ മലയാളികള്‍ കണ്ടത്.