ടോവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറച്ചില്ല; സിനിമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടനയുടെ അംഗീകാരമില്ല

 പ്രതിഫലം കുറയ്‌ക്കാത്ത താരങ്ങൾക്കെതിരെ നടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. പ്രതിഫലം കുറയ്‌ക്കാത്ത താരങ്ങളുടെ രണ്ടു പ്രോജ‌ക്‌ടുകൾക്ക് അസോസിയേഷൻ അംഗീകാരം നൽകിയില്ല. പുതിയ സിനിമകളിൽ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ ഉപസമിതിയേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിയോഗിച്ചു.

കൊവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഇനിയുളള സിനിമകളിൽ പ്രതിഫലം പകുതിയായി കുറയ്‌ക്കണമെന്ന അഭ്യർത്ഥന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ട് വച്ചിരുന്നു. സാങ്കേതിക വിദ‌ഗ്ധരുടെ കൂട്ടായ്‌മയായ ഫെഫ്‌ക്കയും താരസംഘടനയായ അമ്മയും ഇതിനോട് സമ്മതം അറിയിച്ചതുമാണ്. അതിനുശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുന്നിൽ പതിനൊന്ന് പ്രോജക്‌ടുകളാണ് അംഗീകാരത്തിനായി എത്തിയത്. ഇതിന് അംഗീകാരം നൽകാൻ ഓൺലൈനായി ചേർന്ന യോഗത്തിലാണ് പതിനൊന്ന് സിനിമകളിൽ ഒമ്പത് എണ്ണത്തിന് അംഗീകാരം നൽകിയത്.

ടോവിനോ തോമസും ജോജു ജോർജും നായകന്മാരായ രണ്ട് സിനിമകൾക്കാണ് അസോസിയേഷൻ അംഗീകാരം നൽകാത്തത്. രണ്ട് സിനിമകളിലും നായകനടന്മാർ പ്രതിഫലം കൂട്ടി ചോദിച്ചതാണ് അംഗീകാരം കിട്ടാതെ പോയതിന് കാരണം. ടോവിനൊ കഴിഞ്ഞ സിനിമയെക്കാളും ഇരുപത്തിയഞ്ച് ലക്ഷവും ജോജു ജോർജ് അഞ്ച് ലക്ഷം രൂപയുമാണ് കൂട്ടി ചോദിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങളുടെ സംവിധായകരുമായും നിർമ്മാതാക്കളുമായും കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്.

അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ കഴിഞ്ഞ സിനിമയിൽ വാങ്ങിയതിന്റെ പകുതി പ്രതിഫലം മാത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി വാങ്ങിയത്. മോഹൻലാലിനെ പോലൊരാൾ ഇത്തരത്തിൽ സഹകരിക്കുമ്പോൾ മറ്റുളളവരും തങ്ങളോട് സഹകരിക്കണമെന്ന് അസോസിയേഷൻ പറയുന്നു. തുടർന്നാണ് ഇനിയുളള സിനിമകളിലെ പ്രതിഫലം പരിശോധിക്കാൻ ഉപസമിതിയെ നിയോഗിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തത്.