ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി മൂലധനം 1000 കോടി രൂപയായി ഉയര്‍ത്തും

രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്ക് അതിന്റെ ഓഹരി മൂലധനം 650 കോടിയില്‍ നിന്ന് 1000 കോടി രൂപയായി ഉയര്‍ത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗം ഇതു സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി. റിസര്‍വ് ബാങ്കിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും വര്‍ധന നടപ്പാക്കുക. ക്‌ളിക്‌സ് കാപിറ്റല്‍ ഗ്രൂപ്പുമായി ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനം സംബന്ധിച്ച അന്തിമവട്ട വിലയിരുത്തല്‍ നടക്കുന്നതായും ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കായി മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും ഓഹരി ഉടമകള്‍ അംഗീകരിച്ചിട്ടുണ്ട്. പബ്‌ളിക് ഓഫര്‍, റൈറ്റ്‌സ് ഇഷ്യു, ക്യു ഐ പി തുടങ്ങിയ മാര്‍ഗങ്ങൡലൂടെ പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം സംബന്ധിച്ച് അന്തിമ സംവിധാനം ആകുന്നതുവരെ ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടം വഹിക്കുന്നതിനായി മൂന്നു സ്വതന്ത്ര ഡയറക്ടര്‍മാരുടെ ഒരു കമ്മിറ്റിക്ക് റിസര്‍വ് ബാങ്ക് രൂപം നല്‍കി. മീത്താ മഖന്‍ ചെയര്‍ പേഴ്‌സണായ കമ്മിറ്റിയില്‍ ശക്തി സിന്‍ഹ, സതീഷ് കുമാര്‍ കല്‍റ എന്നിവര്‍ അംഗങ്ങളാണ്. എംഡിയുടേയും സിഇഒയുടേയും വിവേചനാധികാരം ഉപയോഗിക്കാന്‍ കമ്മിറ്റിക്ക്് അധികാരമുണ്ട്.

ക്‌ളിക്‌സ് കാപിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്‌ളിക്‌സ് ഫൈനാന്‍സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ക്‌ളിക്‌സ് ഹൗസിംഗ് ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത രൂപമായ ക്‌ളിക്‌സ് ഗ്രൂപ്പുമായാണ് ബാങ്ക് ലയന നീക്കം നടത്തുന്നത്. ലയനത്തിനു മുന്നോടിയായുള്ള ജാഗ്രതാ കാലഘട്ടം അവസാനിച്ചതോടെ ലയനം സംബന്ധിച്ച അന്തിമ നടപടികള്‍ക്കു തുടക്കമായതായും അറിയിച്ചു.