സിനിമ നിര്‍മാണ രംഗത്തേക്ക് ധോണിയും

ഈ വര്‍ഷം ആഗസ്റ്റ് 15നു രാത്രിയോടെയായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.ക്രിക്കറ്റിനോടു പൂര്‍ണമായി വിടപറഞ്ഞ ശേഷം വിനോദ മേഖലയില്‍ സജീവമാവാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ . നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലില്‍ നയിച്ചു കൊണ്ടിരിക്കുകയാണ് ധോണി. ഒന്നോ, രണ്ടോ സീസണിനു ശേഷം ധോണി ഐപിഎല്ലും മതിയാക്കാനാണ് സാധ്യത. അതിനു ശേഷം നിര്‍മാണരംഗത്തേക്കു തിരിയാനും അദ്ദേഹം ആലോചിക്കുന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷം തന്നെക്കുറിച്ചുള്ള ഡോക്യമെന്ററിയായ റോര്‍ ഓഫ് ദി ലയണ്‍ നിര്‍മിച്ചത് ധോണിയായിരുന്നു. ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറിലായിരുന്നു ഇത്. പുതിയൊരു വെബ് സീരീസ് ഇതേ ബാനറില്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുകയാണ് ധോണി. ഭാര്യ സാക്ഷിക്കും കൂടി പങ്കാളിത്തമുള്ള കമ്ബനിയാണിത്. ഇതിന്റെ മാനേജിങ് ഡയറക്ടറാണ് സാക്ഷി. ഒരുപാട് പ്രൊജക്ടുകള്‍ വൈകാതെ ഈ ബാനറില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ ദുരൂഹതകളുള്ള ഒരു അഘോരിയുടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ വെബ് സീരീസാണ് അടുത്തതായി ധോണിയുടെ പ്രൊഡക്ഷന്‍ കമ്ബനിയില്‍ നിന്നും പുറത്തിറങ്ങുന്നത്.അതേസമയം, ധോണിയെ സംബന്ധിച്ച്‌ അത്ര മികച്ച ഐപിഎല്‍ അല്ല ഈ സീസണിലേത്. സിഎസ്‌കെ ഇത്തവണ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ രണ്ടു കളികളിലും ബാറ്റിങ്, ബൗളിങ് തുടങ്ങി രണ്ടു വിഭാഗത്തിലും സിഎസ്‌കെ നിരാശപ്പെടുത്തിയിരുന്നു.