ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് ഇതാദ്യമായി പെട്രോള്‍ വില്‍പ്പനയില്‍ വര്‍ധന. സെപ്തംബറില്‍ പെട്രോള്‍ വില്‍പ്പനയില്‍ രണ്ടുശതമാനം വര്‍ധനയുണ്ടായതായാണ് പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഡീസല്‍ വില്‍പ്പന ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. പെട്രോള്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ പറയുന്നു. തൊട്ടുമുന്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.5 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിക്കാതെ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ടാണ് ഇതുണ്ടായിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിലും ചരക്ക് നീക്കത്തിലുമെല്ലാം മാന്ദ്യം നിലനില്ക്കുന്നതുകൊണ്ടാണ് ഡീസല്‍ വില്‍പ്പന കൂടാത്തത്.