ബിപിസിഎല്‍ വില്‍പന: ടെന്‍ഡര്‍ നീട്ടി

ബിപിസിഎല്ലില്‍ സര്‍ക്കാരിനുള്ള ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി. നവംബര്‍ 16 ആണു പുതിയ സമയപരിധി.
മാര്‍ച്ച് 7ന് ഇറങ്ങിയ ആദ്യ വിജ്ഞാപനത്തില്‍ മേയ് 2 വരെയായിരുന്നു സമയം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തീയതി ജൂണ്‍ 13, ജൂലൈ 31, സെപ്റ്റംബര്‍ 30 എന്നിങ്ങനെ നീട്ടുകയായിരുന്നു. അടുത്ത മാര്‍ച്ച് 31ന് മുന്‍പുതന്നെ
വില്‍പന പൂര്‍ത്തിയാക്കി ധനസമാഹരണലക്ഷ്യം നേടണമെന്ന തീരുമാനത്തിലാണു സര്‍ക്കാരെങ്കിലും തീയതി നാലാമതും നീട്ടിയ സാഹചര്യത്തില്‍ അത് എളുപ്പമാകണമെന്നില്ല. സര്‍ക്കാരിനുള്ള 52.98% ഓഹരിയും വിറ്റഴിക്കാനാണു തീരുമാനം.
ഇന്നലത്തെ ഓഹരിവില (360.55 രൂപ) അനുസരിച്ച് 42000 കോടി രൂപയ്ക്കടുത്തു മൂല്യം വരും. കൊച്ചി, മുംബൈ, ബിന (മധ്യപ്രദേശ്) എന്നിവിടങ്ങളിലെ റിഫൈനറികള്‍ ഉള്‍പ്പെടെയുള്ള ബിസിനസുകളെല്ലാം വില്‍ക്കും. അസമിലെ നുമാലിഗഡ് റിഫൈനറിയുടെ ഉടമസ്ഥാവകാശം ഇടപാടില്‍ ഇല്ല; അതു മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിനു കൈമാറും.1000 കോടി
ഡോളര്‍ ആസ്തിമൂല്യമുള്ള കമ്പനികള്‍ക്കാണു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഇന്ത്യയിലെ പൊതുമേഖലയ്ക്കു പങ്കെടുക്കാന്‍ അനുമതിയില്ല