സിനിമാ പ്രതിസന്ധി പരിഹരിച്ചു; ജോജുവും ടൊവിനോയും പ്രതിഫലം കുറച്ചു

കോവിഡിനെത്തുടര്‍ന്നു മലയാളസിനിമയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് കൂടുതല്‍ താരങ്ങള്‍. നടന്മാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പരിഹാരമായതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് അറിയിച്ചു. ജോജു ജോര്‍ജ്ജ് പ്രതിഫലം കുറച്ചതായും, ടൊവിനോ തോമസ് സിനിമ പുറത്തിറങ്ങിയ ശേഷമേ പ്രതിഫലം സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നതായും പറഞ്ഞു.
ജോജു ജോര്‍ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. ടൊവിനോ തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനോയുടെ നിലപാട്. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിക്കുമെന്നും ടൊവിനോ പറഞ്ഞതായും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഷംസുദ്ദീന്‍ നിര്‍മിച്ച് മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെ, അബാം നിര്‍മിക്കുന്ന ജോജു ജോര്‍ജ് ചിത്രം എന്നിവയെച്ചൊല്ലിയായിരുന്നു തര്‍ക്കം. അതേസമയം ടിനി ടോം അടക്കമുള്ള താരങ്ങള്‍ അമ്മ തങ്ങളോട് പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു.