കാറിലിരുന്നു ബിഗ് സ്‌ക്രീനില്‍ സിനിമ കാണുന്ന സംവിധാനം കൊച്ചിയിലും

കൊച്ചി: തുറസ്സായ പ്രദേശത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന ഡ്രൈവ് ഇന്‍ സിനിമാ സംവിധാനം കേരളത്തിലും. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇത് ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ശബ്ദവും എത്തും. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബംഗളൂരു, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും ഡ്രൈവ് ഇന്‍ സിനിമയുമായി എത്തുന്നത്. കൊച്ചിയില്‍ ഈ മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാവും ആദ്യ പ്രദര്‍ശനത്തിന് അവസരം.