‘തലൈവി’യാകാന്‍ കങ്കണ തെന്നിന്ത്യയിലേക്ക്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയുടെ ചിത്രീകരണം പുനരാരംഭിക്കുന്നു. ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴ്മാസമായി തലൈവിയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
ചിത്രീകരണത്തിനായി തെന്നന്ത്യയിലേക്ക് വരികയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.
ഹിന്ദിയിലും തമിഴിലുമായാണ് ചിത്രമൊരുങ്ങുന്നത്. തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നുമാണ് പേര്. നടനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ.ആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.