എസ്.ബി.ഐയില്‍ വായ്പകള്‍ക്ക് പ്രോസസിംഗ് ഫീ ഇല്ല


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി ബംമ്പര്‍ ഉത്സവകാല ഓഫറുകള്‍പുറത്തിറക്കി. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്താണിത്. ഓഫറുകള്‍ ബാങ്കിന്റെ റീട്ടെയില്‍ വായ്പക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. കാര്‍, സ്വര്‍ണം, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്കായി അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പ്രോസസ്സിംഗ് ഫീസ് 100 ശതമാനം ഇളവ് ഏര്‍പ്പെടുത്തി.
ഭവനവായ്പയില്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോര്‍, ഭവനവായ്പ തുക എന്നിവയുടെ അടിസ്ഥാനത്തില്‍ പലിശനിരക്കിന് 10 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. വീട് വാങ്ങുന്നവര്‍ യോനോ വഴി അപേക്ഷിച്ചാല്‍ 5 ബിപിഎസ് പലിശ ഇളവ് ലഭിക്കും.
കാര്‍ ലോണ്‍ വായ്പക്കാര്‍ക്ക് 7.5 ശതമാനം മുതല്‍ കുറഞ്ഞ പലിശനിരക്ക് ലഭിക്കും. തിരഞ്ഞെടുത്ത മോഡലുകളില്‍ 100 ശതമാനം ഓണ്‍റോഡ് ഫിനാന്‍സും ലഭിക്കും. 7.5 ശതമാനം പലിശ നിരക്കിലാണ് എസ്ബിഐ സ്വര്‍ണ്ണ വായ്പ നല്‍കുക. 36 മാസം വരെ മടക്കി നല്‍കാനുള്ള കാലാവധിയുണ്ട്. 9.6 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത വായ്പ എടുക്കാമെന്ന് ബാങ്ക് അറിയിച്ചു
കാര്‍, ഗോള്‍ഡ് ലോണ്‍ അപേക്ഷകള്‍ക്ക് യോനോ ഉപയോക്താക്കള്‍ക്ക് പ്രിന്‍സിപ്പല്‍ അംഗീകാരം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലിരുന്ന് യോനോയിലൂടെ മുന്‍കൂട്ടി അംഗീകാരം ലഭിച്ച പേപ്പര്‍ലെസ് വ്യക്തിഗത വായ്പയും ലഭിക്കും.