ഫോബ്‌സ് പട്ടിക; നടി സോഫിയയ്ക്ക് 315 കോടി രൂപ വാര്‍ഷിക വരുമാനം

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ഫോബ്സിന്റെ പട്ടിക പുറത്ത്. അമേരിക്കൻ ടെലിവിഷൻ മോക്യുമെന്ററിയായ മോഡേൺ ഫാമിലിയിലെ അഭിനേത്രി സോഫിയാ വെർഗാരയാണ് ഒന്നാം സ്ഥാനം. 43 മില്യൺ ഡോളറാണ് സോഫിയയുടെ വാർഷിക വരുമാനം (315 കോടി രൂപ). 35.5 മില്യൺ ഡോളർ ആസ്തിയുമായി ഹോളിവുഡ് നടി ആഞ്ചലീന ജോളിയും, 31.5 മില്യൺ ഡോളർ ആസ്തിയുമായി വണ്ടർ വുമൺ നായിക ഗാൽ ഗാഡറ്റുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

മോഡേൺ ഫാമിലിയുടെ ഓരോ എപ്പിസോഡിനും 500,000 ഡോളർ വീതമാണ് സോഫിയ പ്രതിഫലം കൈപ്പറ്റിയിരുന്നത്. അമേരിക്കാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയായ സോഫിയയ്ക്ക് ഓരോ സീസണിലും ലഭിക്കുന്നത് ഏകദേശം 10 മില്യൺ ഡോളറാണ്. 11 സീസണുകൾ വിജയകരമായി പൂർത്തിയാക്കിയ എമ്മി പുരസ്കാരം കരസ്ഥമാക്കിയ മോഡേൺ ഫാമിലി കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്.

മെലിസ മക്കാർത്തി ( 25 മില്യൺ ഡോളർ ), മെറിൽ സ്ട്രീപ് ( 24 മില്യൺ ഡോളർ ), എമിലി ബ്ലന്റ് ( 22.5 മില്യൺ ഡോളർ ) എന്നിവരാണ് യഥാക്രമം പട്ടികയിൽ നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഇടംനേടിയത്. 22 മില്യൺ ഡോളറുമായി നടി നിക്കോൾ കിഡ്മാൻ ഏഴാം സ്ഥാനത്താണ്. തൊട്ടുപിന്നിൽ എലൻ പോംപിയോ ( 19 മില്യൺ ഡോളർ ), എലിസബത്ത് മോസ് ( 16 മില്യൺ ഡോളർ ), വയോള ഡേവിസ് ( 15.5 മില്യൺ ഡോളർ ) എന്നിവരാണ്. കഴിഞ്ഞ തവണ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നടി സ്കാർലറ്റ് ജൊഹാൻസണിന് ഇത്തവണ ആദ്യ പത്തിൽ ഇടം നേടാൻ സാധിച്ചില്ല.