19800 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് ആമസോണ്‍


ഇതുവരെ യു.എസില്‍ 19,800 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി ആമസോണ്‍. മൊത്തമുള്ള 13.7 ലക്ഷം മുന്‍നിര ജീവനക്കാരില്‍ കോവിഡ്
ബാധിച്ചവരുടെ കണക്കാണ് പുറത്തുവിട്ടത്. യുഎസിലെ ഫുഡ്, ഗ്രോസറി ഷോപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ജീവനക്കാരുടെ കണക്കാണിത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുസംബന്ധിച്ച് വിമര്‍ശനമുയര്‍ന്നപ്പോഴാണ് വിവരം പുറത്തുവിട്ടത്. 640 കേന്ദ്രങ്ങളിലായി ഒരു ദിവസം 50,000പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നു. യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് കുറവാണെന്നാണ് കമ്പനിയുടെ നിലപാട്.
അതേസമയം കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലുള്ള ആമസോണ്‍ ഡെലിവറി വിഭാഗത്തിലേക്ക് കൂടുതല്‍ പേരെ ക്മ്പനി റിക്രൂട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ഭാഗമായി നിരവധി പേര്‍ തൊഴില്‍ ഉപേക്ഷിച്ചതും പലര്‍ക്കും രോഗം സ്ഥിരീകരിച്ചതുമാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് ദീപാവലി സെയിലിനായി കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഗ്രാമങ്ങളിലേക്ക് കൂടി ഡെലിവറി വികസിപ്പിക്കുകയും പിക് അപ് പോയ്ന്റുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് സമീപം വരെ സാധനങ്ങളെത്തിക്കാനുള്ള സൗകര്യവുമൊക്കെയാണ് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കമ്പനി സജ്ജമാക്കിയിട്ടുള്ളത്