കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഉടനടി പണം ആവശ്യമുള്ളവര്‍ കാലാവധി കുറഞ്ഞ ചിട്ടികള്‍ തിരഞ്ഞെടുക്കുക
ചിട്ടി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ചിട്ടിതുക കൈപ്പറ്റാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 30 മാസമോ അതില്‍ കുറവോ കാലാവധിയുള്ള ചിട്ടികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എത്ര മാസമുണ്ടോ അത്രയും അംഗങ്ങളാണ് ഒരു ചിട്ടിയില്‍ ഉണ്ടാകുക. ആളുകളുടെ എണ്ണം കുറയുന്തോറും പൊതുവില്‍ ചിട്ടി നേരത്തെ കിട്ടാനുള്ള സാധ്യതയും കൂടും. പക്ഷെ കുറഞ്ഞ കാലാവധി ഉള്ള ചിട്ടികളില്‍ ഡിവിഡന്റ് താരതമ്യേന കുറവായിരിക്കും.

കൂടുതല്‍ ഡിവിഡന്റിനായി കാലാവധി കൂടിയ ചിട്ടികള്‍ തിരഞ്ഞെടുക്കുക
കൂടുതല്‍ ഡിവിഡന്റ് ആഗ്രഹിക്കുന്നവരും ചിട്ടി പണം അത്യാവശ്യമില്ലാത്തവരും 40 മാസമോ അതില്‍ കൂടുതലോ കാലാവധിയുള്ള ചിട്ടികള്‍ തിരഞ്ഞെടുക്കുക. ചിട്ടിയുടെ കാലാവധിക്ക് മുന്‍പേ തന്നെ ചിട്ടി പിടിച്ച് സ്ഥിരനിക്ഷേപം ആക്കുന്നതായിരിക്കും കൂടുതല്‍ ലാഭകരം.

വായ്പ എടുക്കുന്നതിനേക്കാള്‍ ലാഭകരം
കാലാവധി കുറഞ്ഞ ചിട്ടികളില്‍ നിന്ന് ലഭിയ്ക്കുന്ന ഡിവിഡന്റ് താരതമ്യേന കുറവായിരിയ്ക്കുമെങ്കിലും പെട്ടന്നുള്ള ആവശ്യത്തിന് ലോണ്‍ എടുക്കുന്നതിനേക്കാളും എന്ത് കൊണ്ടും ലാഭകരമായിരിക്കും കാലാവധി കുറഞ്ഞ ഒരു ചിട്ടിയില്‍ ചേര്‍ന്ന് അത് വിളിച്ചെടുക്കുന്നത്.

മാസവും ചിട്ടി ലേലത്തില്‍ പങ്കെടുക്കുക
ചിട്ടികള്‍ കാലാവധി അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ എല്ലാ ലേലത്തിലും പങ്കെടുത്ത്, ലാഭത്തില്‍ കിട്ടുമ്പോള്‍ വിളിച്ചെടുത്ത് നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകും.

ലേലത്തില്‍ പങ്കെടുക്കാതെ തുക എഴുതിയിടാം
പത്തുമാസത്തേക്ക് ലേലത്തില്‍ പങ്കെടുക്കാതെ തുക എഴുതിയിടാനുള്ള അവസരം കെ.എസ്.എഫ്.ഇ നല്‍കുന്നുണ്ട്. പ്രവാസി ചിട്ടിയില്‍ പല ചിട്ടികളുടെയും ലേല സമയം വ്യത്യസ്തമായിരിക്കും. നിശ്ചയിക്കപ്പെട്ട പ്രത്യേക സമയത്ത് തന്നെ ആയിരിക്കും അതാത് ചിട്ടിയുടെ ലേലം എല്ലാ മാസവും നടക്കുന്നത്. താങ്കള്‍ക്കു ലേലത്തില്‍ പങ്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ ലേലസമയം ഉള്ള ചിട്ടിയില്‍ ചേരുന്നതായിരിക്കും ഉചിതം.