പ്രതിമാസം രണ്ട് ദശലക്ഷം ബാരല്‍ കനേഡിയന്‍ ഹെവി ക്രൂഡ് വാങ്ങാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

എണ്ണ വിതരണം കുറയുന്നതിന്റെ ഭാഗമായി പ്രതിമാസം രണ്ട് ദശലക്ഷം ബാരല്‍ കനേഡിയന്‍ ഹെവി ക്രൂഡ് വാങ്ങാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെനിസ്വേലയുടെ ക്രൂഡ് ഉല്‍പാദനം പ്രതിസന്ധിയിലായിരിക്കുകയാണ് ഇതിനെ തുടർന്നാണ് കനേഡിയന്‍ ഹെവി ക്രൂഡ് വാങ്ങാൻ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തീരുമാനിച്ചത്. കാനഡയെ സംബന്ധിച്ചിടത്തോളം വലിയ കരാറാണിത്.

ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് വെനസ്വേല. യുഎസ് ഉപരോധം മൂലം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വാങ്ങലുകാര്‍ക്ക് എണ്ണ വില്‍ക്കാന്‍ വെനസ്വേലയ്ക്ക് കഴിയാത്ത സ്ഥിതിയാണ്. യുഎസ് ഉപരോധത്തിന്റെ ഫലമായി വെനസ്വേലയില്‍ നിന്നുള്ള വാങ്ങലുകള്‍ നിരവധി കമ്പനികള്‍ അവസാനിപ്പിക്കുകയാണ്. നിരവധി കമ്പനികളുടെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളാണ് അമേരിക്കന്‍ ഉപ​രോധത്തില്‍ പ്രതിസന്ധിയിലായത്. .

എന്നാൽ കനേഡിയൻ കരാര്‍ സംബന്ധിച്ച്‌ റിലയന്‍സ് ഔദ്യോ​ഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കാനഡയില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങലുകള്‍ ആറുമാസത്തേക്ക് നീണ്ടുനില്‍ക്കും. ഇതിന് വേണ്ടിയുളള കരാറാണ് തയ്യാറായിരിക്കുന്നത്. “വെനസ്വേലയുടെ ഉല്‍പാദനത്തില്‍ തകര്‍ച്ചയുണ്ടായപ്പോള്‍ എണ്ണ ആവശ്യകതയ്ക്ക് അനുസരിച്ച്‌ മറ്റ് ഉല്‍പാദകര്‍ മുന്നോട്ട് വന്നു”, കനേഡിയന്‍ വ്യവസായ സ്രോതസ്സ് വ്യക്തമാക്കിയാതായി റിപ്പോർട്ട്.