റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മാറ്റാന്‍ സൗദി നികുതി കുറച്ചു

റിയാദ്: സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് ഇപാടുകള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്) 15ല്‍നിന്ന് 5 ശതമാനമാക്കി കുറച്ചു. ഉടമസ്ഥാവകാശ കൈമാറ്റം, വില്‍പന തുടങ്ങിയവയ്‌ക്കെല്ലാം 5 ശതമാനം വാറ്റ് മതിയാകും. ഭരണാധികാരി സല്‍മാന്‍ രാജാവാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
താമസ, വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്താനും സ്വന്തം ഭവനമെന്ന പൗരന്മാരുടെ സ്വപ്നം സാക്ഷാത്കരിക്കാനും ഇത് സഹായകമാകുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു. പൗരന്മാരുടെ 10 ലക്ഷം ദിര്‍ഹം വരെയുള്ള ഇടപാടുകളുടെ വാറ്റ് സര്‍ക്കാര്‍ വഹിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പുതിയ നികുതി സമ്പ്രദായത്തിനാണ് നാളെ മുതല്‍ തുടക്കം കുറിക്കുക. ജനറല്‍ അതോറിറ്റി ഫോര്‍ സകാത് ആന്റ് ഇന്‍കം ടാക്സാണ് പരിഷ്‌കരിച്ച നികുതി ഘടന പുറത്തിറക്കിയത്. ഇറക്കുമതി ചെയ്യുന്ന ഉള്‍പന്നങ്ങളുടെ വാറ്റ് നികുതി അടക്കുന്നതിനുള്ള സമയ ദൈര്‍ഘ്യം മുപ്പത് ദിവസമായി പരിമിതപ്പെടുത്തിയും പരിഷ്‌കരിച്ച നിയമത്തില്‍ ഭേദഗതി വരുത്തി.
ഴിഞ്ഞ ജൂലൈയില്‍ നടപ്പിലാക്കിയ വാറ്റ് വര്‍ധനവിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട പ്രതിസന്ധികളെ തുടര്‍ന്നാണ് പുതിയ തീരുമാനം. വീടുകളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിന് സ്വദേശികളെ സഹായിക്കുക, താമസ, കച്ചവട റിയല്‍ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നീക്കം.
തീരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കുറക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. സ്വന്തമായി വീടുകളും ഭൂമിയും വാങ്ങുന്നവര്‍ക്കാണ് തീരുമാനം ഏറെ പ്രയോജനപ്രദമാകുക.