ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനവുമായി റോള്‍സ് റോയ്‌സ്

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനത്തിന് ശക്തി പകരുന്ന സാങ്കേതികവിദ്യയുടെ പരിശോധന റോള്‍സ് റോയ്‌സ് പൂര്‍ത്തിയാക്കി.ഈ വിമാനം റോള്‍സ് റോയ്‌സിന്റെ ACCEL (Accelerating the Eletcrification of Flight) പദ്ധതിയുടെ ഭാഗമാണ്.
വെള്ള നിറമുള്ള റോള്‍സ്-റോയ്സ് വിമാനത്തിന്റെ അടിഭാഗത്തിന് നീല നിറമാണ് നല്‍കിയിരിക്കുന്നത്. പ്രൊപ്പല്ലര്‍ നോസിന് പിന്നിലായാണ് ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ഉയര്‍ന്ന പവര്‍ ഡെന്‍സിറ്റി ആക്‌സിയല്‍ ഇലക്ട്രിക് മോട്ടോറുകളാണ് പ്രൊപ്പല്ലറിനെ കറക്കുന്നത്. മൂന്ന് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 500 എച്ച്പിയിലധികം പവര്‍ നിര്‍മിക്കും
‘യു.കെ ഗവണ്‍മെന്റിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ടീം സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംവിധാനങ്ങള്‍ ഉടന്‍ തന്നെ ഞങ്ങളുടെ ‘സ്പിരിറ്റ് ഒഫ് ഇന്നൊവേഷന്‍’ വിമാനത്തില്‍ സംയോജിപ്പിക്കും. ഞങ്ങള്‍ ടെസ്റ്റ് എയര്‍ഫ്രെയിമിന് ‘അയണ്‍ബേര്‍ഡ്’ എന്ന് പേരിട്ടു’- അധികൃതര്‍ പറയുന്നു.
‘ACCEL പ്രോജക്ടിനായി ഗ്രൗണ്ട് ടെസ്റ്റിംഗ് പൂര്‍ത്തിയാക്കുന്നത് ടീമിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ലോക റെക്കോര്‍ഡ് ശ്രമത്തിലേക്കുള്ള മറ്റൊരു സുപ്രധാന ഘട്ടമാണെന്ന് റോള്‍സ് റോയ്‌സ് ഇലക്ട്രിക്കല്‍ ഡയറക്ടര്‍ റോബ് വാട്‌സണ്‍ പറഞ്ഞു.
പരിസ്ഥിതി സൗഹാര്‍ദ വിമാനമാണ് തങ്ങളുടേത് എന്ന് റോള്‍സ് റോയ്സ് വ്യക്തമാക്കുന്നു. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും സാന്ദ്രമായ ബാറ്ററി പായ്ക്കാണ് തങ്ങളുടെ ഇലക്ട്രിക്ക് വിമാനത്തിന് എന്ന് റോള്‍സ് റോയ്സ് അവകാശപ്പെടുന്നു.