ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ്; ഉപയോക്താക്കള്‍ക്ക് പരിധി നിര്‍ണ്ണയിക്കാം

മുംബൈ: എല്ലാ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കും തങ്ങളുടെ കാര്‍ഡിന്‍മേലുള്ള ഇടപാട് പരിധി നിശ്ചയിക്കാന്‍ റിസര്‍വ്വ് ബാങ്ക് പുതിയ സൗകര്യം ഒരുക്കി. ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അത് തടയുന്നതിനായി റിസര്‍വ് ബാങ്ക് പുതിയപല മാനദണ്ഡങ്ങളും അവതരിപ്പിക്കുന്നത്.
നിലവില്‍ എല്ലാ പുതിയ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളും ഒക്ടോബര്‍ മുതല്‍ എടിഎമ്മുകളിലും പിഒഎസ് ടെര്‍മിനലുകളിലും ആഭ്യന്തര ഇടപാടുകള്‍ നടത്താന്‍ മാത്രമേ കഴിയൂ. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കേണ്ടതായി വന്നാല്‍ കാര്‍ഡ് ഉടമകള്‍ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്.
ഇതിന് പുറമേ കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡുകള്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്കും കോണ്‍ടാക്ട്‌ലെസ് ഇടപാടുകളില്‍ ഉള്‍പ്പെടുത്താനും ഒഴിവാക്കാനുള്ള സംവിധാനവും നിലവിലുണ്ട്.
ഇന്ത്യയിലോ വിദേശത്തോ അല്ലെങ്കില്‍ കോണ്ടാക്ട്‌ലെസ് ഇടപാടുകള്‍ക്ക് ഒരിക്കലും ഉപയോഗിക്കാത്ത ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നിഷ്‌ക്രിയമാക്കാന്‍ ബാങ്കുകളോടും കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്പനികളോടും നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര കാര്‍ഡ് ഇടപാടുകള്‍ എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മാത്രമേ അനുവദിക്കാവൂ എന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഡ് അനുവദിക്കുമ്പോഴോ വീണ്ടും അനുവദിക്കുമ്പോഴോ ഇക്കാര്യം ശ്രദ്ധിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
രാജ്യാന്തര ഇടപാടുകള്‍, കാര്‍ഡുകള്‍ നിലവില്ലാത്ത ഇടപാടുകള്‍, കോണ്ടാക്ട് ലെസ് ഇടപാടുകള്‍ എന്നിവയ്ക്ക് ഉപയോക്താക്കള്‍ തങ്ങളുടെ കാര്‍ഡുകളില്‍ പ്രത്യേകം സര്‍വീസുകള്‍ ഉള്‍പ്പെടുത്തണം. ഉപയോക്താക്കള്‍ക്ക് 24ഃ7 എന്ന ക്രമത്തില്‍ മൊബൈല്‍ ആപ്പുകള്‍, എടിഎം, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് എന്നിവ വഴി സ്വിച്ച് ഓഫ്/ സ്വിച്ച് ഓണ്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.
പുതിയ നിയന്ത്രണങ്ങള്‍ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളതെന്നാണ് റിസര്‍വ് ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രീ പെയ്ഡ് ഗിഫ്റ്റ് കാര്‍ഡുകള്‍ മാസ് ട്രാന്‍സിറ്റ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളോ ഇതിന്റെ പരിധിയില്‍ വരില്ല.