ന്യൂഡല്‍ഹി: മോറട്ടോറിയം കാലയളവിലെ പിഴപ്പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 13 ലേക്ക് മാറ്റി. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സതൃവാങ്മൂലം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മറ്റൊരു സത്യവാങ്മൂലം കൂടി നല്കാന് സര്‍ക്കാറിനോടും റിസര്‍വ്വ് ബാങ്കിനോടും കോടതി ആവശ്യപ്പെട്ടു. കാമത്ത് സമിതിയുടെ ശുപാര്‍ശയുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കുന്നതില്‍ കോടതി ഇതിനോടകം ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയായിരുന്നു മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപവരേയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഹര്‍ജിയുമായി ബന്ധപ്പെട്ട എല്ലാ സത്യവാങ്മൂലങ്ങളും 12നകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.