റിലയന്‍സ് ഫൈബര്‍ ഒപ്റ്റിക് ആസ്തികള്‍ വില്‍പ്പനയ്ക്ക്


കൈവശമുള്ള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ആസ്തികള്‍ ഉപയോഗിച്ച് 40,000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇതിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്) ഘടന കമ്പനി വിനിയോഗിക്കും. നിലവില്‍ ഇന്‍വിറ്റില്‍ ഡിജിറ്റല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റിന് (ഡിഫിറ്റ്) 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റിലയന്‍സിനാകട്ടെ 48.44 ശതമാനവും. കൈവശമുള്ള ഓഹരികള്‍ വിറ്റ് ഏകദേശം 14,700 കോടി സമാഹരിക്കാനാണ് കമ്പനി തീരുമാനം. ഓഹരിയൊന്നിന് 100 രൂപ വിലയിട്ട് 147.06 കോടി ഓഹരികള്‍ വില്‍ക്കും. സ്വകാര്യ പ്ലേസ്‌മെന്റ് വഴിയാകും ഇടപാട് നടക്കുക. ഇതിന് ആവശ്യമായ അനുമതി സെക്യുരീറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്നും റിലയന്‍സ് തേടിക്കഴിഞ്ഞു.
ഇന്‍ഫിറ്റിന്റെ കടബാധ്യതകള്‍ തീര്‍ക്കാനും സാമ്പത്തിക ഘടന പുനഃക്രമീകരിക്കാനും 25,000 കോടി രൂപയുടെ വായ്പ ഡിഫിറ്റും എടുക്കും. നിലവില്‍ വിതരണക്കാരുടെ ക്രെഡിറ്റ് ഉള്‍പ്പെടെ 87,296.3 കോടി രൂപയുടെ കടബാധ്യത റിലയന്‍സിന്റെ ഫൈബര്‍ ഒപ്റ്റിക് യൂണിറ്റിനുണ്ട്. നേരത്തെ, ജിയോയ്ക്ക് കീഴിലായിരുന്നു ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതും. പുതിയ നീക്കത്തില്‍ പ്രധാന സ്‌പോണ്‍സറായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിന് 15 ശതമാനം യൂണിറ്റുകള്‍ പോസ്റ്റ് ഇഷ്യു അടിസ്ഥാനത്തില്‍ കമ്പനി ട്രസ്റ്റ് അനുവദിക്കും. ഇതേസമയം, ഈ യൂണിറ്റുകള്‍ മൂന്ന് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല.