‘സീ യൂ സൂണ്‍’ സിനിമയുടെ കളക്ഷനില്‍ നിന്ന് 10 ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍ എന്ന ചിത്രത്തിന്റെ വരുമാനത്തില്‍ നിന്ന് 10 ലക്ഷം രൂപ ചലച്ചിത്ര സംഘടനയായ ഫെഫ്കയ്ക്ക് കൈമാറി. മഹേഷ് നാരായണനും ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഫഹദ് ഫാസിലും ചേര്‍ന്നാണ് തുക ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഏല്‍പിച്ചത്. വറുതിയുടെയും അതിജീവനത്തിന്റെയും ഈ കാലത്ത് സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിന് നന്ദിയെന്ന് ബി.ഉണ്ണികൃഷ്ണന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

ഫഹദ് ഫാസിലും റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തിയ സീ യൂ സൂണ്‍ ലോക്ക് ഡൗണ്‍ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കി റിലീസ് ചെയ്ത സിനിമയാണ്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിനിമ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യപ്പെടുന്ന മലയാളം സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച ചിത്രമാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.