ആര്‍.ബി.ഐ ധനനയ അവലോകന സമിതിയിലേക്ക് പുതിയ മൂന്ന് അംഗങ്ങള്‍ കൂടി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന സമിതിയിലേക്ക് പുതിയ മൂന്ന് അംഗങ്ങളെ കൂടി നയമിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം അഷിമ ഗോയല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസറായ ജയന്ത് വര്‍മ്മ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ശശാങ്ക ഭിഡെ എന്നിവരെയാണ് ബാഹ്യ അംഗങ്ങളായി സര്‍ക്കാര്‍ നിയമിച്ചത്.
ധനനയ രൂപീകരണത്തില്‍ ദീര്‍ഘകാല അനുഭവ പരിചയമുളള വ്യക്തയാണ് അഷിമ ഗോയല്‍. മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എംപിസി) ഒരു ബാഹ്യ അംഗമായി അഷിമ ഗോയലിനെ പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐഐഎം) പ്രൊഫസറാണ് ജയന്ത് വര്‍മ്മ. ധനകാര്യ വിപണി മേഖലയിലെ വിദഗ്ധനാണ് അദ്ദേഹം. മൂലധന വിപണി, സ്ഥിര വരുമാനം, ബദല്‍ നിക്ഷേപം, കോര്‍പ്പറേറ്റ് ധനകാര്യം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുളള ആളാണ് അദ്ദേഹം. മൂന്നു വര്‍ഷമായി ഐഐഎമ്മിന്റെ ഡീന്‍ ആണ്.
കൃഷി, മാക്രോ ഇക്കണോമിക് മോഡലിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഗവേഷണ പരിചയമുളള വ്യക്തിയാണ് ശശാങ്ക ഭിഡെ. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചില്‍ (എന്‍സിഎആര്‍) മുതിര്‍ന്ന ഉപദേശകനാണ് അദ്ദേഹം. ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് ചേഞ്ചിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.