കായലില്‍ ചുറ്റിക്കറങ്ങാന്‍ ജല ടാക്‌സി വരുന്നു


കുട്ടനാടന്‍ കായല്‍ ഭംഗി ആസ്വദിക്കാന്‍ ഇന് യാത്രാ ബോട്ടുകള്‍ കാത്തു നില്‍ക്കണ്ട, സ്വകാര്യബോട്ടുകാരുടെ ഭീമമായ തുക കേട്ട് ഞെട്ടണ്ട. സമാധാനത്തോടെ കായലില്‍ ചുറ്റിത്തിരിയാന്‍ ടാക്‌സി റെഡിയാകുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ.
ജലഗതാഗത വകുപ്പാണ് രാജ്യത്തെ ആദ്യ ജല ടാക്‌സിക്കു തുടക്കമിടുന്നത്. ഈ മാസം 15ന് ആദ്യ ബോട്ട് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യും. വൈകാതെ എറണാകുളത്തുമെത്തും.
ആലപ്പുഴകോട്ടയം, എറണാകുളംവൈക്കം, കുട്ടനാടന്‍ മേഖല എന്നിവിടങ്ങളിലാണ് ജല ടാക്‌സി സേവനം ഉണ്ടാവുക.
യാത്രാബോട്ടുകളെ അപേക്ഷിച്ച് വേഗം ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് പ്രത്യേകത. ഡിസംബറോടെ നാലു ബോട്ടുകള്‍ നീറ്റിലിറക്കും. മണിക്കൂറിനായിരിക്കും നിരക്ക്. സര്‍ക്കാര്‍ അംഗീകാരത്തോടെ നിരക്ക് തീരുമാനിക്കും.
വിദേശത്ത് ജല ടാക്‌സികള്‍ സാധാരണമാണെങ്കിലും ആദ്യമായാണ് ഇന്ത്യയില്‍ ഇതു നടപ്പാക്കുന്നത്.ഓണ്‍ലൈന്‍ ടാക്‌സികളുടെ മാതൃകയില്‍ ഇവയും പ്രവര്‍ത്തിപ്പിക്കാനാണ് ആലോചന. ടാക്‌സി വിളിക്കാന്‍ ജലഗതാഗത വകുപ്പ് ഒരു നമ്പര്‍ ഉടന്‍ പ്രസിദ്ധീകരിക്കും. യാത്രക്കാര്‍ വിളിക്കുന്ന സ്ഥലത്ത് കായലിന്റെ തീരത്ത് ടാക്‌സിയെത്തും.
പത്ത് സീറ്റുകളോടെ ആകര്‍ഷകമായി രൂപകല്പന ചെയ്ത ചെറു ബോട്ടുകളാണ് നീറ്റിലിറങ്ങുന്നത്. ജലഗതാഗത വകുപ്പിനു കീഴില്‍ അരൂരിലെ ഷിപ് യാര്‍ഡിലാണ് ബോട്ടുകള്‍ നിര്‍മിച്ചത്. കുസാറ്റിന്റേതാണ് രൂപകല്പന. ആദ്യ ബോട്ട് കഴിഞ്ഞദിവസം നീറ്റിലിറക്കി.