വിപണിമൂല്യം 10 ലക്ഷം കോടി രൂപ മറികടക്കുന്ന രണ്ടാമത്തെ കമ്പനിയായി ടിസിഎസ്

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വിപണിമൂല്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത്. റിലയന്‍സിന് ശേഷം വിപണിമൂല്യം 10 ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയായി ടിസിഎസ് തിങ്കളാഴ്ച്ച മാറി. ഓഹരി വിപണിയിലെ കുതിപ്പാണ് അപൂര്‍വനേട്ടത്തിലേക്ക് എത്തിച്ചത്. രാവിലത്തെ വ്യാപാരത്തില്‍ ആറ് ശതമാനത്തില്‍പ്പരം നേട്ടം കൈവരിക്കാന്‍ ടിസിഎസിന് കഴിഞ്ഞു. ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി നടപ്പിലാക്കാന്‍ കമ്പനി തയ്യാറെടുക്കവെയാണ് വിപണിമൂല്യം കുതിച്ചുയര്‍ന്നത്.
തിങ്കളാഴ്ച്ച വ്യാപാരത്തില്‍ ടിസിഎസ് ഓഹരികള്‍ ബിഎസ്ഇ സൂചികയില്‍ 6.18 ശതമാനം ഉയര്‍ന്ന് 2,678.80 രൂപ എന്ന റെക്കോര്‍ഡ് വില തൊട്ടു. എന്‍സ്ഇ സൂചികയിലും എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണ് കമ്പനി കുറിച്ചത്. എന്‍എസ്ഇയില്‍ ടിസിഎസ് ഓഹരി 6.16 ശതമാനം വര്‍ധിച്ച് 2,679 എന്ന നിലയിലെത്തി. ഓഹരി വിപണിയിലെ കുതിച്ചുച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ച വ്യാപാരത്തില്‍ കമ്പനിയുടെ വിപണിമൂല്യം 10,03,012.43 കോടി രൂപയായി (ബിഎസ്ഇ). കഴിഞ്ഞമാസമാണ് 9 ലക്ഷം കോടി രൂപ വിപണിമൂല്യം പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയായി ടിസിഎസ് മാറിയത്.
15,02,355.71 കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. രാജ്യത്ത് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ ഏറ്റവും മുന്നില്‍ റിലയന്‍സുതന്നെ.