എച്ച്1 ബി വിസ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ട്രംപ്


അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് എച്ച് 1 ബി വിസകള്‍ നിയന്ത്രിക്കുന്ന ഇടക്കാല നിയമം ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. എച്ച് 1 ബി വിസയ്ക്ക് അര്‍ഹത നേടുന്നത് ബുദ്ധിമുട്ടാക്കുമെന്നതിനാല്‍ ഇത് ഇന്ത്യക്കാരെയും ടെക് സ്ഥാപനങ്ങളെയും ബാധിക്കും.
ആഭ്യന്തര സുരക്ഷാ വകുപ്പ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കും. തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിദഗ്ധ ഇമിഗ്രേഷന്‍ വിസയ്ക്കുള്ള പുതിയ വേതന നിയമങ്ങളും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. ആദ്യത്തെ പ്രഖ്യാപനം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. എച്ച് 1 ബി വിസ സംബന്ധിച്ച നിയമങ്ങള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും.
ഈ നിയന്ത്രണങ്ങള്‍ എച്ച് 1 ബി അപേക്ഷകളുടെ മൂന്നിലൊന്നിനെ ബാധിക്കും. ഈ മാറ്റങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇമിഗ്രേഷന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എച്ച് 1 ബി തൊഴിലാളികളുടെ മിനിമം വേതന നിലവാരത്തിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുകയെന്ന ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് എച്ച് 1 ബി വിസയിലെ ഏറ്റവും പുതിയ ഈ മാറ്റങ്ങള്‍.