ലുലുഗ്രൂപ്പ് ഓഹരി വാങ്ങാന്‍ സൗദി പൊതു നിക്ഷേപ ഫണ്ടും

ദമ്മാം: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പില്‍ നിന്നും ഓഹരി വാങ്ങാന്‍ സൗദി പൊതു നിക്ഷേപ ഫണ്ട് ചര്‍ച്ച തുടങ്ങി. ഇന്ത്യയിലെ റിലയന്‍സിലും ഓഹരിയെടുക്കാന്‍ സൗദി കിരീടാവകാശിയുടെ കീഴിലുള്ള പൊതു നിക്ഷേപ ഫണ്ട് ശ്രമിക്കുന്നുണ്ട്. അതേ സമയം ഓഹരി വില്‍പന സംബന്ധിച്ച വാര്‍ത്തകളോട് ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
എണ്ണേതര വരുമാനവും വിദേശ നിക്ഷേപവും ലക്ഷ്യം വെച്ച് സൗദി കിരീടാവകാശിക്ക് കീഴില്‍ രൂപീകരിക്കപ്പെട്ടതാണ് സൗദി പൊതു നിക്ഷേപ ഫണ്ട് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. സൗദിയിലേക്ക് ആഗോള നിക്ഷേപ കമ്പനികളെത്തുന്നത് ഇതുവഴിയാണ്.
റിയാദില്‍ നടന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സൌദി കിരീടാവകാശിയും എംഎ യൂസുഫലിയും
റിയാദില്‍ നടന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സൌദി കിരീടാവകാശിയും എംഎ യൂസുഫലിയും
നിലവില്‍ 26 ലക്ഷം കോടി രൂപയാണ് സൌദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെ നിക്ഷേപം. 55,800 കോടി രൂപയാണ് ലുലു ഗ്രൂപ്പിന്റെ ആസ്തി. ലുലുവിന്റെ നിശ്ചിത ശതമാനം ഓഹരി വാങ്ങാനാണിപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലിയുടെ ലുലു ഗ്രൂപ്പ് റീട്ടെയില്‍ രംഗത്ത് അതിവേഗത്തിലാണ് വളരുന്നത്. ഈ വിശ്വാസമാണ് പിഐഎഫിന്റെ ഓഹരി വാങ്ങല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അതിവേഗം വളരുന്ന ലുലു ഗ്രൂപ്പില്‍ നിന്നും ഓഹരി വാങ്ങാന്‍ സൗദി അറേബ്യയും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
എത്ര ഓഹരി വാങ്ങുമെന്നും എത്ര തുക ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കുമെന്നും പിഐഎഫ് വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ച സംബന്ധിച്ച കാര്യം ലുലു ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുമില്ല. കോര്‍പ്പറേറ്റ് വിവരങ്ങള്‍ തങ്ങളുടെ മാധ്യമങ്ങള്‍ വഴി അതത് സമയങ്ങളില്‍ അറിയിക്കുമെന്നാണ് ലുലുവിന്റെ മീഡിയ വിഭാഗം അറിയിച്ചത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റോയിട്ടേഴ്‌സാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിഐഎഫിനെ ഉദ്ദരിച്ചായിരുന്നു വാര്‍ത്ത. പിന്നാലെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നീക്കം വാര്‍ത്തയായി.
യുഎഇയിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദ് ബിന്‍ അലി അല്‍ അബ്ബാറിന്റെ നൂണ്‍.കോമില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നേരത്തെ നിക്ഷേപം നടത്തിയിരുന്നു. നിലവില്‍ പി.ഐ.എഫും നൂനും ചേര്‍ന്ന സംയുക്ത സംരംഭമാണ് നൂണ്‍.കോം. ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ റിലയന്‍സില്‍ ഓഹരി വാങ്ങാനും പിഐഎഫ് ശ്രമിക്കുന്നുണ്ട്. വന്‍കിട നിക്ഷേപം ഇരു കൂട്ടര്‍ക്കും ഒരുപോലെ വിപണിതലത്തില്‍ നേട്ടമാകും.
നേരത്തെ അബൂദബിയിലെ ഭരണകൂടത്തിന് കീഴിലെ നിക്ഷേപ കന്പനിയായ എ.ഡി.ക്യു എണ്ണായിരം കോടി രൂപ ലുലു ഗ്രൂപ്പില്‍ ഓഹരിക്കായി നിക്ഷേപിച്ചിരുന്നു. ഈ തുക ജോര്‍ദാന്‍, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിലേക്ക് ബിസിനസ് വളര്‍ത്താന്‍ ലുലു ഗ്രൂപ്പ് ഉപയോഗപ്പെടുകയാണ്.
അതിവേഗം വളരുന്ന ലുലു ഗ്രൂപ്പില്‍ നിന്നും ഓഹരി വാങ്ങാന്‍ സൗദി അറേബ്യയും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ആഗോള തലത്തില്‍ 22 രാജ്യങ്ങളിലായി 194 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇവിടങ്ങളിലായി 55,000 ജീവനക്കാരും ഗ്രൂപ്പിന് കീഴിലുണ്ട്. റീട്ടെയില്‍ ബിസിനസ്സിന് പുറമെ ഭക്ഷ്യമേഖലയിലും, ഹോട്ടല്‍ ശൃംഖലകളുമായി ഹോസ്പിറ്റാലിറ്റി മേഖലയിലും ഗ്രൂപ്പിന് വേരോട്ടമുണ്ട്. ഗ്രാന്റ് ഹയാത്ത്, മാരിയറ്റ് ഇന്ത്യ, ഷെരാട്ടണ്‍ ഒമാന്‍, ലണ്ടന്‍ സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് എന്നിങ്ങനെ നീളുന്നു ഗ്രൂപ്പിന് കീഴിലെ ഹോട്ടല്‍ ശൃംഘലകള്‍