ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച 100 സമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തിറക്കി. ഈ വര്‍ഷം നിരവധി പുതിയ കോടീശ്വരന്മാര് പട്ടികയില്‍ ഇടം നേടി. മറ്റു ചിലര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ നന്നേ കഷ്ടപ്പെട്ടു. ചിലര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തു. മൊത്തത്തില്‍ പട്ടികയില്‍ ഇടം നേടിയ ആദ്യ 100 പേര് 517.5 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം കൂട്ടിച്ചേര്‍ത്തത്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂട്ടായ സമ്പത്തില്‍ 14% വര്‍ദ്ധനവ് രേഖപ്പെടുത്തി.
ആദ്യ പത്ത് സ്ഥാനത്തെത്തിയവര്‍ യഥാക്രമം -മുകേഷ് അംബാനി (88.7 ബില്യണ്‍ ഡോളര്‍), ഗൌതം അദാനി ( 25.2 ബില്യണ്‍ ഡോളര്‍), ശിവ് നാടാര്‍ (20.4 ബില്യണ്‍ ഡോളര്‍), രാധാകിഷന്‍ ദമാനി (15.4 ബില്യണ്‍ ഡോളര്‍) ഹിന്ദുജ സഹോദരന്മാര് (12.8 ബില്ല്യണ്‍ ഡോളര്‍), സൈറസ് പൂനവല്ല (11.5 ബില്യണ്‍ ഡോളര്‍), പല്ലോഞ്ചി മിസ്ട്രി (11.4 ബില്യണ്‍ ഡോളര്‍), ഉദയ് കൊട്ടക് (11.3 ബില്യണ്‍ ഡോളര്‍), ഗോദ്റെജ് കുടുംബം (11 ബില്ല്യണ്‍ ഡോളര്‍) ലക്ഷ്മി മിത്തല്‍ (10.3 ബില്ല്യണ്‍ ഡോളര്‍) എന്നിവരാണ്.