ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് ഇടപാട്; കുരുക്കിട്ട് ആമസോണ്‍


ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസ് ഏറ്റെടുത്ത റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെ നീക്കത്തിന് തിരിച്ചടി. ഇടപാട് ചോദ്യം ചെയ്ത് ആഗോള ഇകൊമേഴ്‌സ്
കമ്പനിയായ ആമസോണ്‍ ഡോട്ട് കോം സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ (സിയാക്) സമീപിച്ചു.
ആമസോണുമായി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കരാറിന് വിരുദ്ധമാണ് ഇടപാടെന്നും ഇതു തടയണമെന്നുമാണ് ആവശ്യം.
കഴിഞ്ഞവര്‍ഷം 1,500 കോടി രൂപ ചെലവിട്ടാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലെ ഫ്യൂച്ചര്‍ കൂപ്പണില്‍ ആമസോണ്‍ 49 ശതമാനം ഓഹരികളെടുത്തത്. ഇതുവഴി ഫ്യൂച്ചര്‍ റീട്ടെയിലില്‍ അഞ്ചു ശതമാനം ഓഹരികളും ആമസോണിന് ലഭിച്ചു. കരാര്‍ പ്രകാരം ആമസോണ്‍ നിഷേധിച്ചാല്‍ മാത്രമേ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ എതിരാളികള്‍ക്ക് വില്‍ക്കാനാകൂ എന്നാണ് ആമസോണിന്റെ വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്യൂച്ചര്‍ കൂപ്പണിന് ആമസോണ്‍ ലീഗല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള അഞ്ചു കമ്പനികള്‍ ലയിപ്പിച്ച ശേഷമാണ് റിലയന്‍സ് റീട്ടെയില്‍ 24,713 കോടി രൂപയ്ക്ക് ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി തുടങ്ങിയവയടക്കം റീട്ടെയില്‍ സംരംഭങ്ങള്‍ ഏറ്റെടുത്തത്.
വിവിധ രാജ്യങ്ങള്‍ക്കിടയിലുള്ള കമ്പനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരമ്പരാഗത കോടതി വ്യവഹാരങ്ങളില്‍പ്പെടാതെ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലാഭേതര സ്ഥാപനമാണ് സിയാക്.