വായ്പ മൊറട്ടോറിയം: പലിശയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരും

ന്യൂഡല്‍ഹി: വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുതെന്നും  കോടതി ഇടപെടല്‍ സമ്പദ് വ്യവസ്ഥക്കും ബേങ്കിങ് മേഖലക്കും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

ആത്മ നിർഭർ, ഗരീബ് കല്യാൺ യോജന  തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകൾക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വിവിധ മേഖലകൾക്ക് കൂടുതൽ അനൂകല്യം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ബഡ്ജറ്റിന് പുറത്തുള്ള ചെലവ് ആയതിനാൽ പാർലമെന്റും ഇളവുകൾ സംബന്ധിച്ച നിർദേശങ്ങൾ പരിഗണിക്കേണ്ടത് ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കുന്ന വിഷയം ആയതിനാൽ നയപരമായ തീരുമാനം എടുക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ആണെന്നും അതിൽ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.