‘വി നെക്സ്റ്റ്’ മലയാളത്തിന്റെ ആദ്യ ഒടിടി


കൊച്ചി: മലയാളത്തിലും ഒരുങ്ങുന്നു ഒടിടി പ്ലാറ്റ് ഫോം. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ തീയേറ്ററുകളുടെ ഭാവി അനിശ്ചിത്വത്തിലായതോടെയാണ് ഈ നീക്കം. ഒടിടി റിലീസുകളെ കുറിച്ചാണ് സിനിമ മേഖലയിലെ പ്രധാന ചര്‍ച്ചകളും.
ഇടവേള ബാബു ചെയര്‍മാന്‍ ആയ റോഡ് ട്രിപ്പ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. വി നെക്സ്റ്റ് എന്നാണ് പേര്. പേരിന്റേയും ലോഗോയുടേയും പ്രകാശനം കൊച്ചിയില്‍ നടന്നു.
ടെലിവിഷന്‍ സെറ്റുകളില്‍ ഇന്‍ബില്‍റ്റ് ആയി ഈ പ്ലാറ്റ് ഫോം ലഭ്യമാക്കുന്നതിനായി ടെലിവിഷന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട് എന്നാണ് വിവരം. ഒടിടിയും യു ട്യൂബും ചേര്‍ന്നതുപോലെയുളള ഒരു പ്ലാറ്റ് ഫോം ആയിരിക്കും ഇത.്
തീയേറ്റര്‍ റിലീസില്‍ നിന്ന് തികച്ചും വിഭിന്നമായിരിക്കും വി നെക്സ്റ്റിലെ റിലീസുകള്‍. വരുമാനത്തിന്റെ സിംഹഭാഗവും നിര്‍മാതാക്കള്‍ക്ക് തന്നെ നല്‍കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. ചെറിയൊരു വിഹിതം മാത്രമേ തങ്ങള്‍ എടുക്കൂ എന്നും ഇവര്‍ പറയുന്നു.
സിനിമയ്ക്ക് മാത്രമുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. അമ്പതില്‍ പരം കലാമേഖലകള്‍ വി നെക്സ്റ്റിലൂടെ ലഭ്യമാക്കും എന്നാണ് പറയുന്നത്. ഒരു തീയേറ്റര്‍ സമന്വയം പോലെ ആയിരിക്കും വി നെക്സ്റ്റ് എന്ന് ഇടവേള ബാബു പറഞ്ഞു. അമ്പതില്‍പരം വേദികളുടെ ,സമന്വയം ആയിരിക്കും തങ്ങള്‍ ഒരുക്കുക. ലോകത്ത് എവിടെയിരുന്നും ഇത് കാണാനും ആകും.
റോഡ് ട്രിപ്പ് ഇന്നൊവേഷന്‍സിന്റെ കീഴില്‍ ഒരു സ്റ്റാര്‍ട്ട് അപ് സംരംഭമായാണ് വി നെക്സ്റ്റ് തുടങ്ങുന്നത്. 2021 ജനുവരി 1 മുതല്‍ ആയിരിക്കും പ്ലാറ്റ്‌ഫോം ലഭ്യമായിത്തുടങ്ങുക. സബ്‌സ്‌ക്രൈബേഴ്‌സിനും അനവധി ഓഫറുകള്‍ ഉണ്ടായിരിക്കും എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.