തലസ്ഥാനത്ത് ഇ- വാഹനങ്ങള്‍ക്ക് റീച്ചാര്‍ജ് ചെയ്യാന്‍ കെഎസ്ഇബി വക ഒരു സ്റ്റേഷനും അനെര്‍ട്ടിന്റെ രണ്ട് സ്റ്റേഷനും കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. ആദ്യ മൂന്നുമാസം സൗജന്യമായി ചാര്‍ജ് ചെയ്യാം.
ശംഖുംമുഖം, അനെര്‍ട്ട് ആസ്ഥാനം എന്നിവിടങ്ങളിലാണ് അനെര്‍ട്ട് സ്റ്റേഷന്. ഇരുചക്ര വാഹനം, ഓട്ടോ, കാര്‍ എന്നിങ്ങനെ ഏത് വാഹനവും ഒരേസമയം മൂന്നെണ്ണംവീതം ചാര്‍ജ് ചെയ്യാം. 15 മിനിറ്റുമുതല്‍ ഒരുമണിക്കൂര്‍വരെ സമയമെടുക്കും. ഡിടിപിസി സഹകരണത്തോടെയാണ് ശംഖുംമുഖത്തെ സ്റ്റേഷന്. അനെര്‍ട്ട് ആസ്ഥാനത്തേത് സോളാര്‍ സ്റ്റേഷനാണ്. ഇവിടെ പൂര്‍ണ സമയം സൗജന്യമാണ്. തൈക്കാട് ഗസ്റ്റ് ഹൗസിനകത്തും സ്റ്റേഷന് നിര്‍മിക്കും.
വാഹനവുമായി എത്തുന്നയാള്ക്കുതന്നെ ചാര്‍ജിങ് സ്വയം ചെയ്യാനാകും. ഭാവിയില്‍ വിപണിയില്‍ ഇറങ്ങുന്ന ഇ വാഹനങ്ങള്‍ കൂടി ചാര്‍ജ് ചെയ്യാന്‍ കഴിയും വിധമുള്ള സ്റ്റേഷനുകളാണ് അനെര്‍ട്ട് നിര്‍മിക്കുന്നത്. 50 കിലോമീറ്ററിനകത്ത് സ്റ്റേഷന് ഒരുക്കുകയാണ് ലക്ഷ്യം. അടുത്തവര്‍ഷം കൂടുതല്‍ സോളാര്‍ സ്റ്റേഷനുകള്‍ നിലവില്‍ വരും.
കെഎസ്ഇബിയുടെ ഇ ചാര്‍ജിങ് സ്റ്റേഷന് നേമം സെക്ഷന്‍ ഓഫീസ് പരിസരത്താണ്. 80 കിലോവാട്ടാണ് സ്ഥാപിതശേഷി. നിരക്ക് ഈടാക്കി തുടങ്ങുമ്പോള്‍ പണം അടയ്ക്കാനും ചാര്‍ജിങ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അറിയാനും സഹായിക്കുന്ന ആപ് പുറത്തിറക്കും. ഇതോടെ തലസ്ഥാനത്തെ ആകെ ഇ ചാര്‍ജിങ് സ്റ്റേഷന്റെ എണ്ണം അഞ്ചാകും. പരീക്ഷണാടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റിലെ വാഹനങ്ങള്‍ക്കായി സെക്രട്ടറിയറ്റില്‍ ആദ്യ സ്റ്റേഷന് നിര്‍മിച്ചിരുന്നു. ഗാന്ധിപാര്‍ക്കില്‍ നഗരസഭയും ഒരെണ്ണം സജ്ജമാക്കി. നഗരസഭ വിതരണം ചെയ്ത ഇ–ഓട്ടോകള്ക്കായാണിത്
.