വിജയ രാജെ സിന്ധ്യ ജന്മശതാബ്ദി ദിനം: 100 രൂപയുടെ നാണയം പുറത്തിറക്കി

വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 100 രൂപയുടെ നാണയം പുറത്തിറക്കി. വീഡിയോ കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ സിന്ധ്യ കുടുംബാംഗങ്ങള്‍, മുഖ്യമന്ത്രിമാര്‍, നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. രാജ് കുടുംബത്തില്‍ ജനിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ച അപൂര്‍വ വ്യക്തിത്വമാണ് വിജയ രാജെ സിന്ധ്യയെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.
പൊതുജീവിതത്തില്‍, ദരിദ്രര്‍ക്കും, നിരാലംബര്‍ക്കും, ഇരകള്‍ക്കുമായി നിരന്തരമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിജയ രാജെ സിന്ധ്യ അഞ്ച് തവണ ലോക്‌സഭാ അംഗമായും ഒരു തവണ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1919 ഒക്ടോബര്‍ 12 ന് മധ്യപ്രദേശിലെ സാഗറിലാണ് വിജയ രാജെ സിന്ധ്യ ജനിച്ചത്. ഇവരുടെ മകന്‍ മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മധ്യപ്രദേശ് സര്‍ക്കാരിലെ മന്ത്രി യശോദര രാജെ സിന്ധ്യയുമാണ് മറ്റ് മക്കള്‍.