സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്യാഷ് വൗച്ചറും ഉത്സവബത്തയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി

ന്യൂഡല്‍ഹി:കോവിഡ് മൂലം രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനൂകൂല്യങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതീരാമന്‍.
കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി(അവധിക്കാല യാത്ര ഇളവ്) കാഷ് വൗച്ചറുകള്‍ നല്‍കും. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്‌ക്കേണ്ടത്. ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.
അവധിക്കാല യാത്രാ ഇളവിന് പകരമായാണ് ഈ വര്‍ഷം ജീവനക്കാര്‍ക്ക് ക്യാഷ് വൗച്ചറുകള്‍ നല്‍കുന്നത്. 12 ശതമാനം അല്ലെങ്കില്‍ കൂടുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി)യുള്ള ഇനങ്ങള്‍ ജീവനക്കാര്‍ക്ക് വാങ്ങാമെന്ന് സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഡിജിറ്റല്‍ മോഡില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് വൗച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക.
ഓരോ നാല് വര്‍ഷത്തിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര പോകുന്നതിന് എല്‍ടിസി ലഭിക്കും. എന്നാല്‍ കൊറോണക്കാലത്ത് യാത്രകള്‍ സാധിക്കാത്തതിനാലാണ് ക്യാഷ് വൗച്ചറുകള്‍ അവതരിപ്പിച്ചത്.
എല്‍ടിസി വൗച്ചര്‍ പദ്ധതി 28,000 കോടി രൂപയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
നാലുവര്‍ഷം ഒരുബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി)അനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നല്‍കുക.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 തവണകളായി തിരിച്ചടക്കാവുന്ന രീതിയില്‍ പരമാവധി 10,000 രൂപ അഡ്വാന്‍സ് നല്‍കും. ഇതിനായി റുപേ കാര്‍ഡുകള്‍ ജീവനക്കാര്‍ക്കു നല്‍കും.ഇതുപയോഗിച്ച് ജീവനക്കാര്‍ക്ക് ഇടപാട് നടത്താം.