ജിയോ ഒന്നാം സ്ഥാനത്ത്

മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റവുമായി റിലയന്‍സ് ജിയോ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ജൂലൈ മാസത്തില്‍ റിലയന്‍സ് ജിയോക്ക് ലഭിച്ചത് 35 ലക്ഷം പുതിയ ഉപയോക്താക്കളെന്ന് ട്രായിയുടെ കണക്കുകള്‍. അതേസമയം, വോഡഫോണും ഐഡിയയും ലയിച്ചുണ്ടായ പുതിയ ബ്രാന്‍ഡ് വീ (Vi)ക്ക് ഇക്കാലയളവില്‍ നഷ്ടമായത് 37 ലക്ഷം ഉപയോക്താക്കളെ. ഇതോടെ ജിയോയുടെ വിപണി പങ്കാളിത്തം 35.03 ശതമാനമായി ഉയര്‍ന്നു.

ട്രായിയുടെ കണക്ക് പ്രകാരം രാജ്യത്തെ മൂന്നാമത്തെ മൊബൈല്‍ സേവനദാതാക്കളായ ‘വീ’ യ്ക്ക് 26.34 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലിന് 27.96 ശതമാനമാണ് വിപണി പങ്കാളിത്തം. ജൂണ്‍ മാസത്തില്‍ ആകെ 114 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് രാജ്യത്തുണ്ടായിരുന്നത്. ജൂലൈ അവസാനത്തോടെ ഇത് 114.4 കോടിയായി ഉയര്‍ന്നു. 0.30 ശതമാനം വര്‍ധനയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്.

ഗ്രാമീണമേഖലകളില്‍ 52 കോടി മൊബൈല്‍ ഉപയോക്താക്കളാണുള്ളത്. നഗരങ്ങളിലെ ഉപയോക്താക്കളുടെ എണ്ണം ജൂലൈയില്‍ 0.25 ശതമാനം വര്‍ധിച്ച് 62 കോടിയായി. കോവിഡ് വ്യാപന കാലഘട്ടത്തില്‍ ജൂണ്‍ അവസാനത്തോടെ മൊബൈല്‍ സാന്ദ്രതാ നിരക്ക് 84.38 ശതമാനമായിരുന്നത് ജൂലൈ അവസാനത്തോടെ 84.56 ശതമാനമായി ഉയര്‍ന്നുവെന്നും ട്രായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രോഡ് ബാന്‍ഡ് സേവനദാതാക്കളുടെ കാര്യത്തിലും റിലയന്‍സ് ജിയോ ബഹുദൂരം മുന്നിലാണ്. ആദ്യത്തെ അഞ്ച് സേവന ദാതാക്കള്‍ക്കാണ് വിപണിയിലെ 98.91 പങ്കാളിത്തവും. ഇതില്‍ 56.98 ശതമാനവുമായി റിലയന്‍സ് ജിയോ ആണ് ഒന്നാം സ്ഥാനത്ത്. എയര്‍ടെല്‍ (22.08%), വീ (16.34 %), ബിഎസ്എന്‍എല്‍ (3.26%), അത്രിയ കണ്‍വേര്‍ജന്‍സ് (0.24%) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. ജൂലൈ മാസത്തില്‍ ആകെ ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 1.03 ശതമാനം വര്‍ധിച്ച് 70.5 കോടിയായി.