വത്തിക്കാന്‍ സിറ്റി: പരിസ്ഥിതിയെ മാനിക്കാത്ത കമ്പനികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇങ്ങനെ ചെയ്യുന്നത് പ്രകൃതിയെ സംരക്ഷിക്കുന്ന നയങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ പരിപാടിക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ആഹ്വാനം.
വിനാശകരമായ കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കാന്‍ ഇപ്പോഴേ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ശാസ്ത്രം നമ്മെ നിരന്തരം ഓര്‍മപ്പെടുത്തുന്നു. മെച്ചപ്പെട്ട പരിസ്ഥിതി വിജ്ഞാനം, പരിസ്ഥിതിയുമായി യോജിച്ചുപോകുന്ന കൃഷിരീതി, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കല്‍ എന്നിവ മുന്‍ഗണനാ വിഷയങ്ങളാക്കണം.
കോവിഡിന് ശേഷം ഉരുത്തിരിയുന്നത് ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക മാതൃക ആയിരിക്കണം. ഉപഭോക്തൃസംസ്കാരം, വിഭവങ്ങള്‍ പാഴാക്കല്‍, പാവങ്ങളോടുള്ള പരിഗണനയില്ലായ്മ തുടങ്ങിയ രീതികളെല്ലാം പുനര്‍വിചിന്തനം ചെയ്യാന്‍ മഹാമാരി നമ്മളെ പ്രേരിപ്പിച്ചെന്നും മാര്‍പാപ്പ പറഞ്ഞു.