മുസ്ലിംവീട്ടിലേക്ക് ഹിന്ദു യുവതിയെ മരുമകളാക്കിയ തനിഷ്‌ക്കിന്റെ പരസ്യം പിന്‍വലിച്ചു

മുംബൈ: പരസ്യത്തിലും ലവ് ജിഹാദ് ആരോപണം വന്നതിനെത്തുടര്‍ന്ന് ടാറ്റ തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യം പിന്‍വലിച്ചു. ഹിന്ദു യുവതിക്ക് മംഗല്യം ഒരുക്കി തങ്ങളുടെ മരുമകളായി സ്വീകരിക്കുന്ന മുസ്ലിം മാതാപിതാക്കളുടെ കഥ ചിത്രീകരിക്കുന്ന പരസ്യമാണ് ജനപ്രിയ ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌കിന് പിന്‍വലിക്കേണ്ടിവന്നത്.
ലവ് ജിഹാദിനെ’ മഹത്വവത്കരിച്ചു എന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ നേരിട്ട ആരോപണം. മുസ്ലീം പുരുഷന്മാര്‍ വിവാഹത്തിലൂടെ ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്നും അത് ലൗജിഹാദാണെന്നും സൂചിപ്പിച്ച് തീവ്ര ഹിന്ദുമതസംഘടനകള്‍ ഈ പരസ്യത്തെ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പരസ്യത്തില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലീം കുടുംബത്തില്‍ മരുമകളായി കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമായത്. അതേസമയം തനിഷ്‌ക്കിന്റെ പരസ്യത്തെ പിന്തുണച്ച് കമ്യൂണിസ്റ്റ് സംഘടനകളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തുവന്നിരുന്നു.