മലയാളികളുടെ ‘ഫ്രഷ് ടും ഹോം’ലേക്ക് അമേരിക്കന്‍ നിക്ഷേപം

കൊച്ചി: മലയാളികള്‍ തുടങ്ങിയ ഫ്രഷ് ടു ഹോം എന്ന സ്റ്റാര്‍ട്ട് അപ്പില്‍ അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്‌സി) നിക്ഷേപം നടത്തുന്നു. ഓഹരി മൂലധനമായിട്ടായിരിക്കും ഡിഎഫ്‌സി ഫ്രഷ് ടു ഹോമില്‍ ഫണ്ട് ഇറക്കുക.
മലയാളികളായ മാത്യു ജോസഫും ഷാന്‍ കടവിലും ചേര്‍ന്ന് തുടങ്ങിയ കമ്പനി ഇറച്ചിയും മീനും എല്ലാം വീട്ടുപടിക്കല്‍ എത്തിക്കുന്ന സേവനമാണ് നല്‍കുന്നത്. കടല്‍ മത്സ്യങ്ങള്‍, ചിക്കന്‍, മട്ടന്‍, റെഡി ടു കുക്ക് വിഭവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ ഹോം ഡെലിവറി ചെയ്യുന്നത്. ചിലയിടങ്ങളില്‍ പച്ചക്കറിയും എത്തിച്ചു നല്‍കുന്നുണ്ട്.
അമേരിക്കയുടെ ഡിഎഫ്‌സി കൂടാതെ മറ്റ് പലരും ഫ്രഷ് ടു ഹോമിന് ഫണ്ടിങ്ങിന് തയ്യാറായി എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 900 മുതല്‍ 975 കോടി രൂപ മൂലധനം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്‍വെസ്റ്റ് കോര്‍പ്പ്, റയീദ് വെഞ്ച്വേഴ്‌സ്, മിഡില്‍ ഈസ്റ്റ് ഓയില്‍ ആന്റ് ഗ്രെയിന്‍സ് എന്നിവയാണ് നിക്ഷേപം നടത്തുന്ന മറ്റ് പ്രമുഖര്‍.
മൂലധന നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ ഫ്രഷ് ടു ഹോമിന്റെ മൂല്യം 40 കോടി അമേരിക്കന്‍ ഡോളര്‍ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏതാണ്ട് മൂവായിരം കോടി രൂപയോളം വരും.
യുണികോണ്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ പട്ടികയില്‍ ഇടം നേടുക എന്നതാണ് ഫ്രഷ് ടു ഹോമും ലക്ഷ്യമിടുന്നത്. 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള (100 കോടി ഡോളര്‍) സ്റ്റാര്‍ട്ട് അപ്പുകളെയാണ് യുണികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ ബൈജൂസ് ആപ്പും ബിഗ് ബാസ്‌കറ്റും ആണ് യുണികോണ്‍ പട്ടികയിലെ മലയാളി സാന്നിധ്യം.
കേരളത്തിലെ 23 നഗരങ്ങളിലാണ് നിലവില്‍ ഫ്രഷ് ടു ഹോം സേവനങ്ങള്‍ ലഭിക്കുന്നത്. മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂണെ തുടങ്ങിയ വന്‍ നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് യുഎഇയിലും ഫ്രഷ് ടു ഹോം സേവനമുണ്ട്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.