2021 ല്‍ വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ മറികടക്കും:ഐഎംഎഫ്


2021 ല്‍ ഇന്ത്യ ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുമെന്ന് ഐഎംഎഫിന്റെ വിലയിരുത്തല്‍. മാത്രമല്ല അടുത്തവര്‍ഷം ഇന്ത്യ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും ഐഎംഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ പറയുന്നു. നടപ്പ് വര്‍ഷം ആഗോള വളര്‍ച്ച 4.4ശതമാനമായി ചുരുങ്ങുമെന്നും 2021ല്‍ 5.2ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ആളോഹരി ആഭ്യന്തര ഉത്പാദന(Per Capita GDP)ത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ താഴെപ്പോകുമെന്നും ഐഎംഎഫിന്റെ വിലയിരുത്തുന്നു. രാജ്യത്തെ ജിഡിപിയില്‍ 10.3ശതമാനം ഇടുവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്. ജൂണിലെ വിലയിരുത്തലില്‍നിന്ന് കാര്യമായ ഇടിവാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഇന്ത്യ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷ ഉത്പാദനം 1,877 ഡോളറായി കുറയുമെന്നാണ് പ്രവചനം. 4.5ശതമാനം മാത്രം ഇടിവുണ്ടാകുമെന്നായിരുന്നു ജൂണിലെ വിലയിരുത്തല്‍. ബംഗ്ലാദേശിന്റേതാകട്ടെ 1,888 ഡോളറായി വര്‍ധിക്കുകുയം ചെയ്യും.
ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്കുമുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.