ആപ്പിള്‍ ഹോംപോഡ് പുറത്തിറക്കി

അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഹോംപോഡ് മിനി സ്മാര്‍ട് സ്പീക്കര്‍ ആപ്പിള്‍ പുറത്തിറക്കി. അതിമനോഹരമായ രൂപകല്‍പനയിലാണ് ഈ ചെറിയ ഹോംപോഡ് മിനി സ്പീക്കര്‍ തയ്യാറാക്കിയിരിക്കുന്നത്. മികച്ച ശബ്ദം, ബുദ്ധിയേറിയ സ്മാര്‍ട് അസിസ്റ്റന്റ്, സ്മാര്‍ട് ഹോം തുടങ്ങിയവ ഹോംപോഡ് മിനി യാഥാര്‍ഥ്യമാക്കുന്നു.
ആപ്പിള്‍ എസ്5 ചിപ്പിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതിലെ കംപ്യൂട്ടേഷണല്‍ ഓഡിയോ സംവിധാനം സ്മാര്‍ട് ആയ ശബ്ദ ക്രമീകരണം സാധ്യമാക്കുന്നു. ആപ്പിള്‍ മ്യൂസിക്, പോഡ്കാസ്റ്റ്, ഐ ഹാര്‍ട്ട് റേഡിയോ, റേഡിയോ.കോം, ട്യൂണ്‍ ഇന്‍ തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ആസ്വദിക്കാം. താമസിയാതെ പാന്‍ഡോറ, ആമസോണ്‍ മ്യൂസിക് സേവനങ്ങളും ഇതില്‍ ലഭിക്കും.
മെച്ചപ്പെട്ട സിരി സ്മാര്‍ട് അസിസ്റ്റന്റിന്റെ സഹായത്തോടെ വീട്ടുപകരണങ്ങളുടെ നിയന്ത്രണം ഉള്‍പ്പടെയുള്ള സ്മാര്‍ട് ഹോം ആവശ്യങ്ങള്‍ നിറവേറ്റാനും ഇതിലൂടെ സാധിക്കും.
കൂടാതെ വീടിനുള്ളില്‍ ഒരു ഇന്റര്‍കോം സൗകര്യമൊരുക്കാന്‍ ഇതിലൂടെ സാധ്യമാണ്. വീട്ടിലെ ഒരു മുറിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഈ സംവിധാനം
ഉപയോഗിക്കാം. ഐഫോണ്‍, കാര്‍ പ്ലേ, ആപ്പിള്‍ വാച്ച് ഉള്‍പ്പടെ പരസ്പര ബന്ധിതമായ ഉപകരണങ്ങളിലെല്ലാം ഈ സന്ദേശം എത്തിക്കാന്‍ സാധിക്കും.
നവംബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്ന ഹോംപോഡ് മിനിയ്ക്ക് 9900 രൂപയിലാണ് വില ആരംഭിക്കുക.