ഇന്‍ഫോസിസ്: ത്രൈമാസ ലാഭം 4845 കോടി; ശബളം വര്‍ദ്ധന ജനുവരിയില്‍

രണ്ടാം പാദത്തിലെ ഇന്‍ഫോസിസിന്റെ വരുമാന വളര്‍ച്ച എതിരാളികളായ ടിസിഎസിനെയും വിപ്രോയേക്കാളും മികച്ചത്. ത്രൈമാസ ലാഭം 4845 കോടി ആണ്. ജനുവരി മുതല്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും പ്രഖ്യാപിക്കാന്‍ ഇത് സഹായകമായി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്‌റ്റ്വെയര്‍ സേവന കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് 100ശതമാനം വേരിയബിള്‍ പേയും ജൂനിയര്‍ ജീവനക്കാര്‍ക്ക് രണ്ടാം പാദത്തില്‍ പ്രത്യേക പ്രോത്സാഹനവും നല്‍കും.
ശമ്പള വര്‍ദ്ധനവ് സാധാരണ ഏപ്രിലിലാണ് നടപ്പിലാക്കാറുള്ളത്. എന്നാല്‍ ഇത്തവണ മഹാമാരി മൂലമുള്ള ബിസിനസ്സ് അനിശ്ചിതത്വം കമ്പനിയെയും മറ്റ് ഐടി കമ്പനികളെയും ശമ്പള വര്‍ദ്ധനവുകളും പ്രമോഷനുകളും മരവിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. കഴിഞ്ഞ വര്‍ഷം കമ്പനി ശമ്പളം ശരാശരി 6 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.
തുടര്‍ച്ചയായ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ വളര്‍ച്ചാ നിരക്ക് ടിസിഎസിനേക്കാള്‍ മികച്ചതാണ്. വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20.5 ശതമാനമാണ്. ടിസിഎസും വിപ്രോയ്ക്കും വരുമാനം രണ്ടാം പാദത്തില്‍ കുറഞ്ഞു. അറ്റാദായം 15 ശതമാനം ഉയര്‍ന്ന് 653 മില്യണ്‍ ഡോളറിലെത്തി.