പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ ആ വര്‍ഷം 36.3 ലക്ഷം രൂപയുടെ വര്‍ദ്ധനവ്. എന്നാല്‍ ആഭ്യന്തരമന്ത്രി ആമിത്ഷായുടെ ആസ്തിയില്‍ 3.67 കോടിയുടെ ഇടിവുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ രേഖകളിലാണ് ഈ സാമ്പത്തിക സ്ഥിത് വിവരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ഈ വര്‍ഷം ജൂണ്‍ വരെ 2.85 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 2.49 കോടി രൂപയായിരുന്നു. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തില്‍ നിന്നുള്ള വരുമാനവുമാണ് അദ്ദേഹത്തിന്റെ ആസ്തി വര്‍ദ്ധിക്കാന്‍ കാരണം.
2020 ജൂണ്‍ അവസാനത്തോടെ പ്രധാനമന്ത്രി മോദിയുടെ കൈയില്‍ 31,450 രൂപയും എസ്ബിഐ ഗാന്ധിനഗര്‍ എന്എസ്സി ബ്രാഞ്ചില്‍ 3,38,173 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ ബ്രാഞ്ചില്‍ ബാങ്ക് എഫ്ഡിആര്‍, എംഒഡി ബാലന്‍സ് 1,60,28,939 രൂപയും ഉണ്ടായിരുന്നു. 8,43,124 രൂപ വിലമതിക്കുന്ന നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകളും (എന്എസ്സി) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും 20,000 രൂപ വിലമതിക്കുന്ന ഇന്‍ഫ്രാ ബോണ്ടുകളും പ്രധാനമന്ത്രി മോദിക്കുണ്ട്. മറ്റ് ആസ്തികള്‍ 1.75 കോടി രൂപയില്‍ കൂടുതലാണ്.
പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല. മോദിയുടെ പേരില്‍ സ്വന്തമായി വാഹനവുമില്ല. ഏകദേശം 45 ഗ്രാം ഭാരമുള്ള നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലുണ്ട്. ഇതിന്റെ മൂല്യം 1.5 ലക്ഷം രൂപയാണ്. 3,531 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗാന്ധിനഗറിലെ സെക്ടര്‍ 1 ല്‍ ഒരു പ്ലോട്ട് സ്വന്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇതിന് മറ്റ് മൂന്നുപേര്‍കൂടി അവകാശികള്‍ ഉണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
സമ്പന്ന ഗുജറാത്തി കുടുംബത്തിലെ അംഗമായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസ്തി കുറഞ്ഞു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മോശം മാര്‍ക്കറ്റ് വികാരവുമാണ് ഷായുടെ കൈവശമുള്ള ഓഹരികളെ ബാധിച്ചത്. 2020 ജൂണ്‍ വരെ അമിത ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 32.3 കോടി രൂപയായിരുന്നു.
10 സ്ഥാവര വസ്തുക്കള്‍ ഷായുടെ ഉടമസ്ഥതയിലുണ്ട്. അവയെല്ലാം ഗുജറാത്തിലാണ്. അമിത് ഷായുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും അമ്മയില്‍ നിന്ന് ലഭിച്ച സ്വത്തും കൂടി 13.56 കോടി രൂപ വില മതിക്കുന്നതാണ്. അമിത് ഷായുടെ കൈയിലുള്ളത് 15,814 രൂപയാണ്. ബാങ്ക് ബാലന്‍സിലും ഇന്‍ഷുറന്‍സിലും 1.04 കോടി രൂപയുണ്ട്. 13.47 ലക്ഷം രൂപയുടെ പെന്ഷന് പോളിസികളും സ്ഥിര നിക്ഷേപ പദ്ധതികളില്‍ 2.79 ലക്ഷം രൂപയും ഉണ്ട്. 44.47 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളാണുള്ളത്.