ഓണ്‍ലൈന്‍ ഗ്രോസറി വിപണിയില്‍ ഒരു കൈ നോക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പും. റിലയന്‍സ് റീട്ടെയിലും ആമസോണും വാള്‍മാര്‍ട്ടുമെല്ലാം ശക്തമായി മുന്നോട്ടുപോകുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുയാണ് ടാറ്റ ഗ്രൂപ്പും. ഇപ്പോള്‍ രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇ ഗ്രോസര്‍ ബിഗ് ബാസ്ക്കറ്റിന്റെ 20 ശതമാനത്തോളം ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ് .
ഇന്ത്യയിലെ ആദ്യകാല ഇ കോമേഴ്സ് സൈറ്റുകളിലൊന്നിന്റെ സ്ഥാപകനായ ഹരി മേനോനാണ് ബിഗ് ബാസ്ക്കറ്റിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറും. മെട്രോമാന് ഇ. ശ്രീധരന്റെ മകളുടെ ഭര്‍ത്താവാണ് ഹരി മേനോന്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാക്കിയിരുന്ന പ്രാരംഭകാല കമ്പനികളിലൊന്നായ പ്ലാനറ്റ്ഏഷ്യയുടെ കണ്ട്രി ഹെഡ്ഡ് കൂടിയായിരുന്നു.
350-400 യുഎസ് ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കുന്ന ബിഗ് ബാസ്ക്കറ്റിലേക്ക് കണ്ണും വെച്ച് നിരവധി പ്രൈവറ്റി ഇക്വിറ്റി കമ്പനികളും രംഗത്തുണ്ട്. തെമാസക്, അമേരിക്ക ആസ്ഥാനമായുള്ള ജനറേഷന് പാര്‍ട്ണേഴ്സ്, ഫിഡലിറ്റി, ടൈബോണ്‍ കാപ്പിറ്റല്‍ തുടങ്ങിയവുമായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഫണ്ട് സമാഹരണ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ബിഗ് ബാസ്ക്കറ്റിന്റെ മൂല്യം നിലവിലുള്ളതിന്റെ 33 ശതമാനം വര്‍ധിച്ച് രണ്ട് ബില്യണ്‍ യുഎസ് ഡോളറിലെത്തും. നിലവില്‍ 14 റൗണ്ട് ഫണ്ടിംഗ് ബിഗ് ബാസ്ക്കറ്റ് നടത്തിയിട്ടുണ്ട്. ആലിബാബ, ഹെലിയോണ്‍ വെഞ്ച്വര്‍ പാര്‍ട്ണേഴ്സ് തുടങ്ങിയ നിരവധി കമ്പനികള്‍ ബിഗ് ബാസ്ക്കറ്റില് ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതിദിനം ഏതാണ്ട് മൂന്ന് ലക്ഷം ഓര്‍ഡറുകളാണ് ബിഗ്ബാസ്ക്കറ്റ് കൈകാര്യം ചെയ്യുന്നത്. കോവിഡ് മഹാമാരി മൂലം രാജ്യത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ മേഖലകളിലൊന്നാണ് ഇ കോമേഴ്സ്, ഇ ഗ്രോസറി രംഗം.